| Wednesday, 2nd February 2022, 6:10 pm

ദേശീയഗാനത്തോട് അനാദരവ് കാണിച്ചത് മുഖ്യമന്ത്രിയായാലും നടപടിയെടുക്കാന്‍ അനുമതി തേടേണ്ട: മമത ബാനര്‍ജിക്കെതിരെ മുംബൈ ഹൈക്കോടതി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ദേശീയഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മാര്‍ച്ച് 2ന് ഹാജരാവാന്‍ മുംബൈ ഹൈക്കോടതി. 2021 ഡിസംബറില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതാണ് മമതയ്‌ക്കെതിരെയുള്ള ആരോപണം.

മമത ബാനര്‍ജി ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് മുംബൈ ബി.ജെ.പി യൂണിറ്റ് ഭാരവാഹി വിവേകാനന്ദ് ഗുപ്തയാണ് പരാതിയുമായി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മമതയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘മമത ബാനര്‍ജി ഒരു മുഖ്യമന്ത്രിയാണെങ്കിലും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു അനുമതിയുടെ ആവശ്യമില്ല. കാരണം അവര്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കാത്തതിനാലാണത്,’ കോടതി പറഞ്ഞു.

പരാതി പ്രകാരം പരാതിക്കാരന്‍ നല്‍കിയ ഡി.വി.ഡിയിലെ വീഡിയോ ക്ലിപ്പ്, യൂട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ എന്നിവയില്‍ നിന്ന് മമത ദേശീയഗാനം ആലപിക്കുന്നതിനിടെ പെട്ടെന്ന് വേദി വിട്ടുപോയെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ടിലെ സെക്ഷന്‍ 3 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് മമത ചെയ്തിരിക്കുന്നതെന്ന് ഇത് തെളിയിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

‘പ്രതി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാണെങ്കിലും മുംബൈയില്‍ നടന്ന പരിപാടിയില്‍ അവര്‍ തന്റെ ഔദ്യോഗിക പദവി കൈകാര്യം ചെയ്തതില്‍ പിഴവ് സംഭവിച്ചു. പ്രതിയുടെ ഈ പ്രവൃത്തി അവരുടെ പദവിക്ക് ചേര്‍ന്നതല്ല. അതിനാല്‍ പ്രതിക്കെതിരെ നിയമ നടപടി തുടരുന്നതിന് ഒരു അനുമതി ആവശ്യമില്ല,”കോടതി പറഞ്ഞു.

ദേശീയഗാനം ആലപിക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധയോടെ നില്‍ക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ 2015ലെ ഉത്തരവ് മമത ബാനര്‍ജി ലംഘിച്ചുവെന്ന് മറ്റ് നേതാക്കളും ആരോപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ സന്ദര്‍ശനം നടത്തിയ മമത ബാനര്‍ജി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയുടെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Content Highlights: Mamata Banerjee should not seek permission to take action against CM for disrespecting national anthem: Mumbai High Court

We use cookies to give you the best possible experience. Learn more