ന്യൂദല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം.പി ശതാബ്ദി റോയ്. പ്രധാനമന്ത്രി പദവിയോട് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതിന് പിന്നാലെയായിരുന്നു ശതാബ്ദിയുടെ പ്രതികരണം.
മമത ബാനര്‍ജിയെ പോലെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ അര്‍ഹതയുള്ള മറ്റൊരാളില്ലെന്ന് തൃണമൂല്‍ എം.പി ശാന്തനു സെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എം.പിയും, മൂന്ന് തവണ മുഖ്യമന്ത്രിയും ആയിട്ടുണ്ട് മമത. ഇത്രയും രാഷ്ട്രീയ പരിജ്ഞാനമുള്ള മറ്റാരാണ് പ്രധാനമന്ത്രിയാകാന്‍ ഉള്ളത്,’ അദ്ദേഹം ചോദിച്ചു.
അധികാരത്തില്‍ വരിക എന്നതല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. വിശാല പ്രതിപക്ഷ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനതലത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരിക്കാം, എന്നാല്‍ ജനങ്ങളുടെ നന്മക്കായി അവയെല്ലാം മാറ്റിനിര്‍ത്താമെന്നും ഖാര്‍ഗെ യോഗത്തില്‍ പറഞ്ഞു.
ബെംഗളൂരുവില്‍ വെച്ചായിരുന്നു രണ്ട് ദിവസത്തെ പ്രതിപക്ഷ യോഗം നടന്നത്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ടം ഇന്ത്യയും എന്‍.ഡി.എയും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജാതി സെന്‍സസ് നടത്തുമെന്നും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുമെന്നും പ്രതിപക്ഷ യോഗം തീരുമാനിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്), ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന (യു.ബി.ടി), രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സി.പി.ഐ.എം.എല്‍, രാഷ്ട്രീയ ലോക് ദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), മാറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തത്.
അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ വെച്ചാണ് നടക്കുകയെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
Content highlight: Mamata Banerjee should be PM candidate in Lok Sabha elections: Trinamool MP