തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന ആക്രമണത്തില്‍ സംശയമുണ്ട്; ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്ത് ചെയ്യുകയായിരുന്നു: മമതാ ബാനര്‍ജി
national news
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന ആക്രമണത്തില്‍ സംശയമുണ്ട്; ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്ത് ചെയ്യുകയായിരുന്നു: മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 7:29 pm

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുല്‍വാമയില്‍ ആക്രമണം നടന്നതില്‍ സംശയം പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്ത് ചെയ്യുകയായിരുന്നു എന്നും മമത ചോദിച്ചു.

” എന്ത് കൊണ്ട് പുല്‍വാമ ആക്രമണം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തന്നെ നടന്നു? എനിക്ക് സംശയങ്ങളുണ്ട് ഇത് തടയാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ട് എന്നുമാണ് അവര്‍ ചോദിച്ചത്.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. നിങ്ങള്‍ നിഴല്‍ യുദ്ധത്തെ കുറിച്ച് ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. കാശ്മീരിലെ സാഹചര്യങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍മൂലം ജനങ്ങള്‍ പ്രകോപിതരാകരുതെന്നും അവര്‍ പറഞ്ഞു.

Also Read:  സംഭവം അത്യന്തം ദൗര്‍ഭാഗ്യകരം, പ്രതികളെ ഏറ്റവും വേഗം പിടികൂടാന്‍ നടപടിയെടുക്കും: പിണറായി വിജയന്‍

ഫെബ്രുവരി എട്ടിന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടികള്‍ ഒന്നുമെടുത്തില്ല? എന്ത് കൊണ്ട് 78 ജവാന്മാര്‍ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വന്നുവെന്നും മമത ചോദിച്ചു.

മോദിയും അമിത് ഷായും പ്രസംഗങ്ങള്‍ നടത്തുന്നു. അവര്‍ ദേശാഭിമാനികളാണെന്നും മറ്റുള്ളവര്‍ അല്ലെന്നും തെളിയിക്കാനാണ് ശ്രമം. അത് സത്യമല്ല. ബി.ജെ.പിയും ആര്‍.എസ്.എസും വി.എച്ച്.പിയും ഈ അവസരം ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് ദിവസമായി താന്‍ മൗനം പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ ആക്രമണത്തില്‍ സംശയമുണ്ടെന്നും എന്തുകൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നും മമത ചോദിച്ചു.