കൊല്‍ക്കത്ത: പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടാതെ സി.പി.ഐ.എമ്മുമായും സഹകരിക്കാന്‍ തയ്യറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദല്‍ഹിയില്‍ എ.എ.പി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“ഭാവിയില്‍ ഞങ്ങള്‍ ഒന്നിച്ചുപോരാടും. ബംഗാളില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മുമായി എന്തൊക്കെ പ്രശ്‌നമുണ്ടോ അതെല്ലാം സംസ്ഥാനത്ത് തന്നെ നില്‍ക്കും. ദേശീയതലത്തില്‍ ഒന്നിച്ചു പോരാടുകയും ചെയ്യും.” മമത പറഞ്ഞു.
ബംഗാളില്‍ 42 സീറ്റുകളും തൃണമൂല്‍ നേടുമെന്നും മമത പറഞ്ഞു. ഇതാദ്യമായാണ് സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് മമത സംസാരിക്കുന്നത്.
ജന്തര്‍ മന്ദറിലെ റാലിയില്‍ ഇടതുനേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയും സംസാരിച്ചതിന് ശേഷമാണ് മമതയുടെ പ്രസംഗം. മമത വേദിയിലെത്തുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് ഇരുനേതാക്കളും വേദി വിട്ടിരുന്നു.
ആംആദ്മി സംഘടിപ്പിക്കുന്ന റാലിയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ആനന്ദ് ശര്‍മ്മ പങ്കെടുത്തു. വേദിയിലെത്തിയ ആനന്ദ് ശര്‍മ്മയെ മമതാ ബാനര്‍ജി കൈപിടിച്ച് വേദിയില്‍ ഇരുത്തുകയായിരുന്നു. കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.