| Friday, 3rd March 2023, 9:33 am

സി.പി.ഐ.എമ്മും കോണ്‍ഗ്രസും ബി.ജെ.പി വിരുദ്ധരല്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും മമത ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ സാര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് കോണ്‍ഗ്രസ് വിജയം നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമത ബാനര്‍ജിയുടെ പ്രതികരണം.

‘അവിശുദ്ധ കൂട്ടുക്കെട്ടുണ്ടായിരിക്കേ എങ്ങനെയാണ് കോണ്‍ഗ്രസ് ബി.ജെ.പിയോട് എതിരിടുക? എങ്ങനെയാണ് ഇടതിന് ബി.ജെ.പിയോട് പോരാടാനാകുക. എങ്ങനെയാണ് കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും ബി.ജെ.പി വിരുദ്ധരാണെന്ന് അവകാശപ്പെടാനാകുന്നത്?

കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.ഐ.എമ്മും വര്‍ഗീയത കളിച്ചാണ് സാര്‍ദിഗിയില്‍ ജയിച്ചത്. ബി.ജെ.പി അത് പരസ്യമായി ചെയ്തുവെന്ന ഒരു വ്യത്യാസമേയുള്ളു. സി.പി.ഐ.എമ്മും കോണ്‍ഗ്രസും വര്‍ഗീയതയെ തന്നെയാണ് കൂട്ടുപിടിച്ചത്.

നമുക്ക് ഒരിക്കലും ബി.ജെ.പിയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനുമൊപ്പം ചേരാനാകില്ലെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2024ല്‍ തൃണമൂലും ജനങ്ങളും തമ്മിലാണ് സഖ്യമുണ്ടാകുക. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയോടും ഞങ്ങള്‍ സഖ്യമുണ്ടാക്കില്ല. ജനങ്ങളുടെ പിന്തുണയോടെ ഒറ്റക്ക് മത്സരിക്കും.’ മമത ബാനര്‍ജി പറഞ്ഞു.

മമത ബാനര്‍ജിയുടെ പ്രഖ്യാപനം ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുന്നണിക്കുള്ള സാധ്യതകളിലാണ് വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിക്കേ ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ സാധ്യതയുണ്ടാവൂ എന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നിരീക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്ന സമയത്താണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

2019ല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നിന്ന്

കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം ബി.ജെ.പിക്കതിരെ ശക്തമായ മത്സരം കാഴ്ച വെച്ചതിന് പിന്നാലെ കൂടിയാണ് മമതയുടെ വാക്കുകള്‍. ബി.ജെ.പി വിരുദ്ധ മുന്നണിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പയാണ് ത്രിപുരയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ചില ശ്രമങ്ങളില്‍ നേതൃപരമായ സ്ഥാനത്ത് തൃണമൂല്‍ ഉണ്ടായിരുന്നതും മമതയുടെ പുതിയ നിലപാടിനെ കൂടുതല്‍ ചര്‍ച്ചയാക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിലപാട് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിഘടിപ്പിക്കുന്നവര്‍ക്കെതിരെ സമാന ചിന്താഗതിക്കാരെല്ലാവരും ഒന്നിക്കണമെന്നും ആര് പ്രധാനമന്ത്രിയാകുമെന്നതിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിഘടന ശക്തികള്‍ക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. ആര് നയിക്കുമെന്നോ, ആരെ പ്രധാനമന്ത്രിയാക്കണമെന്നോ ഞാന്‍ പറയുന്നില്ല. അതല്ല ചോദ്യം. ഞങ്ങള്‍(കോണ്‍ഗ്രസ്) ഒറ്റക്കെട്ടായി പോരാടാന്‍ ആഗ്രഹിക്കുന്നു, ഇതാണ് ഞങ്ങളുടെ ലക്ഷ്യം,’ ഖാര്‍ഗെ പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ 70ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഡി.എം.കെ പരിപാടിയില്‍ വെച്ചായിരുന്നു ഖാര്‍ഗെയുടെ ഈ വാക്കുകള്‍ എന്നതും ശ്രദ്ധേയമായിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം 2004, 2009 വര്‍ഷങ്ങളിലെ ലോക്‌സഭാ വിജയങ്ങള്‍ക്കും 2006, 2021 വര്‍ഷങ്ങളിലെ നിയമസഭാ വിജയങ്ങള്‍ക്കും കാരണമായി. ഈ ഒത്തൊരുമ 2024ലും തുടരണമെന്നും കോണ്‍ ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും തമ്മില്‍ പിറന്നാളുമായി ബന്ധപ്പെട്ട് നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പ്രതിപക്ഷ ഐക്യത്തിന് തന്നെയായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്.

ഫെഡറലിസത്തിനും മതേതരത്വത്തിനും മാതൃഭാഷകള്‍ക്കും വേണ്ടിയുള്ള താങ്കളുടെ പോരാട്ടങ്ങള്‍ രാജ്യമെമ്പാടും ശ്രദ്ധ നേടിയെന്നായിരുന്നു പിണറായി വിജയന്‍ ആശംസ നേര്‍ന്നുകൊണ്ട് പറഞ്ഞത്. തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ അകറ്റി നിര്‍ത്താന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നായിരുന്നു ഇതിന് സ്റ്റാലിന്റെ മറുപടി.

വിജയിച്ചാലും പരാജയപ്പെട്ടാലും ത്രിപുരയിലെ ഇടത്-കോണ്‍ഗ്രസ് സഖ്യം ശരിയാണെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഇത്തരത്തില്‍ രാജ്യമെമ്പാടും പ്രതിപക്ഷ പാര്‍ട്ടികള്‍ 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള സന്നദ്ധത പരസ്യമാക്കുന്നതിനിടയിലാണ് മമത ബാനര്‍ജി മുന്‍ നിലപാടുകളില്‍ നിന്നും പിന്നോട്ടു പോയിരിക്കുന്നത്.

Content Highlight: Mamata Banerjee says Trinamool Congress will fight alone in 2024 Election

We use cookies to give you the best possible experience. Learn more