'അനധികൃതമെന്ന് തോന്നുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ അത് നിങ്ങള്‍ക്ക് പൊളിച്ചുനീക്കാം, എന്റെ അഭിപ്രായത്തിന് കാത്തുനില്‍ക്കേണ്ടതില്ല'; വിവാദങ്ങളില്‍ മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാഷ്ട്രീയം ഇത്തരത്തില്‍ അധപതിച്ചു പോകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നേരത്തെ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയേനേയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. മമതയ്ക്കും കുടുംബത്തിനും നേരെ അന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമര്‍ശം.
താന്‍ ജനങ്ങളെയും സമൂഹത്തിനെയും സേവിക്കാനാണ് എത്തിയതെന്നും ഇന്നത്തെ രാഷ്ട്രീയത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും മമത പറഞ്ഞു.
‘ഞാന്‍ ജനങ്ങളെ സേവിക്കാനാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. എന്നാല്‍ രാഷ്ട്രീയം ഇത്തരത്തില്‍ അധപതിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് നേരത്തെ എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കില്‍ ഈ രാഷ്ട്രീയ പ്രവര്‍ത്തനം ഞാന്‍ ഉപേക്ഷിച്ചേനെ. ഇന്ന് നാടിനെ സേവിക്കാന്‍ വേണ്ടി ഈ മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചതിനാണ് ചില അപവാദ പ്രചരണങ്ങള്‍ കാരണം ഞാനും എന്റെ കുടുംബവും വിചാരണ നേരിടേണ്ടി വരുന്നത്,’ മമത ബാനര്‍ജി പറഞ്ഞു.
മമത ബാനര്‍ജിയുടെ അനധികൃത സ്വത്തുക്കളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അതേസമയം തന്റെ സ്വത്തുക്കളില്‍ നിന്ന് അനധികൃതമായി നിര്‍മിച്ചതെന്നോ കൈവശം വച്ചതെന്നോ തോന്നുന്നവയുണ്ടെങ്കില്‍ അവ ആര്‍ക്കു വേണമെങ്കിലും പൊളിച്ചുനീക്കാമെന്ന് മമത പ്രതികരിച്ചു.
‘അനധികൃതമെന്ന് കണ്ടെത്തിയാല്‍ അത് ആര്‍ക്കും പൊളിച്ചുനീക്കാം. അതിന് എന്റെ അനുവാദം ആവശ്യമില്ല. എന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഇത്തരത്തില്‍ അനധികൃതമായി സ്വത്ത് കൈവശം വച്ചിട്ടുണ്ടെങ്കില്‍ അതിന് അവര്‍ മറുപടി പറയും,’ മമത കൂട്ടിച്ചേര്‍ത്തു. താന്‍ അവരോടൊപ്പമല്ല താമസിക്കുന്നതെന്നും മമത പറഞ്ഞു.
തന്റെ കുടുംബാംഗങ്ങള്‍ക്ക് ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നോട്ടീസ് അയച്ചാല്‍ നിയമപരമായി നേരിടുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഇന്നത്തെ കാലത്ത് അത് പ്രയാസമുള്ള കാര്യമാണെന്നും പക്ഷെ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും മമത പറഞ്ഞു.
‘കല്‍ക്കരി കുംഭകോണം കാളിഘട്ടിലേക്ക് പോകുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ട്. പക്ഷെ അവര്‍ ആരുടെയും പേര് പറയുന്നില്ല. പണം കാളീദേവിക്കാണോ പോകുന്നത്?’- മമത ബാനര്‍ജി ചോദിച്ചു.
Content Highlight: Mamata banerjee says that she would’ve left politics if she knew it would get this dirty