കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിന് മുന്‍പായി കൂച്ച് ബെഹാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ നുണയനെന്ന് വിശേഷിപ്പിച്ച മമത ഓരോ മീറ്റിങ്ങുകളിലും അദ്ദേഹം തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ടെന്ന് തുറന്നു പറഞ്ഞു.
‘ മോദി ഒരു നുണയനാണ്. അദ്ദേഹം നുണകള്‍ ഒന്നിനുപിറകെ ഒന്നായി ആവര്‍ത്തിക്കാറാണ് പതിവ്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ഓരോ മീറ്റിങ്ങുകളിലും മോദി തന്നെ പരിഹസിക്കാറും അധിക്ഷേപിക്കാറുമുണ്ട്’ എന്നായിരുന്നു മമത പറഞ്ഞത്.
കൊവിഡ് സാഹചര്യത്തിലൊഴികെ പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന പല മീറ്റിങ്ങുകളില്‍ നിന്നും മമത ഒഴിഞ്ഞുമാറാറുണ്ട്. പ്രത്യേകിച്ചും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്ന സമയത്ത് മമതയുടെ അസാനിധ്യം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരമൊരു പ്ശ്ചാത്തലത്തില്‍ കൂടിയാണ് യോഗങ്ങള്‍ക്കിടെ പ്രധാനമന്ത്രി തന്നെ ആക്ഷേപിക്കാറുണ്ടെന്ന ആരോപണവുമായി മമത രംഗത്തെത്തിയത്.
നേരത്തെയും മോദിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് മമത റാലികളില്‍ സംസാരിച്ചുപോരുന്നത്. ബംഗാളില്‍ ചുഴലിക്കാറ്റ് വീശിയടിച്ചുണ്ടായ നാശനഷ്ടത്തില്‍ 1000 കോടി വാഗ്ദാനം ചെയ്ത മോദി ഒരു നയാപൈസ പോലും സംസ്ഥാനത്തിന് തന്നില്ലെന്നും മോദി വലിയൊരു നുണയനാണെന്നും മമത പറഞ്ഞിരുന്നു. വാഗ്ദാനങ്ങളുടെ പെരുമഴയാണ് അദ്ദേഹം നടത്തുക. എന്നാല്‍ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ അദ്ദേഹത്തിന് അറിയില്ലെന്നായിരുന്നു മമത പറഞ്ഞത്.
കൂച്ച് ബെഹാറില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ തന്റെ പാര്‍ട്ടി വീണ്ടും തവണ അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ ഓരോരുത്തര്‍ക്കും സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്നും മമത വാഗ്ദാനം നല്‍കി.
‘ഞങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു, അതേസമയം കേന്ദ്രം എല്‍.പി.ജി വില 900 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. തൃണമൂല്‍ സര്‍ക്കാരിനെ നിങ്ങള്‍ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഞങ്ങള്‍ സൗജന്യ റേഷന്‍ പദ്ധതി തുടരും’, എന്നായിരുന്നു മമത പറഞ്ഞത്.
ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മമത ഉയര്‍ത്തിയത്.
പ്രധാനമന്ത്രി ഇവിടെ എന്താണ് ചെയ്യുന്നത്. 22 ജവാന്‍മാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എന്നിട്ട് ഇതില്‍ കേന്ദ്രം എന്തുചെയ്തു. റാഫേലില്‍ നിന്ന് മുഴുവന്‍ പണവും മോഷ്ടിച്ച് ഇരിക്കുകയാണ് അവര്‍, മമത ബാനര്‍ജി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക