കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വാട്‌സ് ആപ്പിലൂടെ ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയ വിഷയത്തില്‍ സംസാരിക്കവെയായിരുന്നു മമതയുടെ വെളിപ്പെടുത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ് സുരക്ഷാ വീഴ്ചയെന്നും മമത പറഞ്ഞു.
‘ഇവിടെ ഒന്നും സുരക്ഷിതമല്ല, വാട്‌സ്ആപ്പ് പോലും. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോരില്ലെന്നായിരുന്നു നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. ഈ വിഷയം പ്രധാനമന്ത്രി അന്വേഷിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്’, മമത പറഞ്ഞു.
എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചാരപ്രവര്‍ത്തനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘എല്ലാ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ട്. ഇതില്‍നിന്നും ആരും ഒഴിഞ്ഞ് നില്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെയും രണ്ട് സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇത് നടക്കുന്നത്. അവ ഏത് സംസ്ഥാനമാണെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. പക്ഷേ, ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് അവ’, മമത ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഐ.എ.എസ്, ഐപി.എസ് ഉദ്യോഗസ്ഥരെയും സാമൂഹ്യപ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒയെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മമത പറഞ്ഞു.
‘ ഇത് തെറ്റാണ്. ആരുടെയും സ്വകാര്യതയില്‍ കടന്നുകയറാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. മാധ്യമസ്വാതന്ത്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. ഓരോ നിമിഷവും നമ്മള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നിടത്ത് സ്വതന്ത്രമായി സംസാരിക്കാനുള്ള എന്ത് സ്വാതന്ത്ര്യമാണുള്ളത്’- മമതാ ബാനര്‍ജി ചോദിച്ചു.
ഇന്ത്യന്‍ ആക്ടിവിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസമാണ് വാട്സ് ആപ്പ് വെളിപ്പെടുത്തിയത്. മെയ് വരെ ഇന്ത്യന്‍ യൂസര്‍മാരെയും ചാരന്മാര്‍ നിരീക്ഷിച്ചിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍.
തുടര്‍ന്ന് ബി.ജെ.പിയുടെ അറിവോടെയായിരുന്നു ചോര്‍ത്തലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
നാലു വന്‍കരകളിലായി 20 രാജ്യങ്ങളിലെ 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയെന്ന് വാട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഇവയൊക്കെ.
വാട്‌സാപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തില്‍ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നുമാണ് വാട്സ്ആപ്പ് പറഞ്ഞത്. ഫോണിലെ മെസ്സേജുകളിലേക്കും ഫോണ്‍കോളുകളിലേക്കും പാസ്വേഡുകളിലേക്കും വൈറസ് കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ