കൊല്‍ക്കത്ത: കേന്ദ്ര ഏജന്‍സികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ വിട്ടില്ലെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റ് നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കുന്നതായും മമത പറഞ്ഞു. പുരുലിയ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, ഐ.ടി വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ ആയുധങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മമത ചൂണ്ടിക്കാട്ടി.
‘ടി.എം.സി നേതാക്കളെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എ, ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. മുന്‍കൂറായി അറിയിക്കാതെയാണ് ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നതും വീടുകളില്‍ അതിക്രമിച്ച് കയറുന്നതും. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ രാത്രിയുടെ മറവില്‍ ആരെങ്കിലും വീട്ടില്‍ കയറിയാല്‍ സ്ത്രീകള്‍ എന്തുചെയ്യും?,’ മമത ചോദിച്ചു.
ബി.ജെ.പിയുടെ പ്രകോപനത്തില്‍ വീഴരുതെന്ന് ബംഗാളിലെ ജനങ്ങളോട് മമത ആവശ്യപ്പെട്ടു. രാമനവമി സമയത്ത് ബി.ജെ.പി വിദ്വേഷ പ്രചരണം നടത്തുകയാണെന്നും മമത പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ബംഗാളിലെ ഭൂപതിനഗറില്‍ നടന്ന സ്ഫോടനക്കേസിലെ രണ്ട് പ്രതികളെ പിടികൂടാന്‍ എത്തിയ എന്‍.ഐ.എയുടെ സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. നിയമത്തില്‍ അനാസ്ഥ കാണിക്കുന്ന നിയമപാലകര്‍ക്കെതിരെയുള്ള ജനക്കൂട്ടത്തിന്റെ ആക്രമണം സാധാരണയായി കണ്ടാല്‍ മതിയെന്ന് മമത സംഭവത്തില്‍ പ്രതികരിച്ചിരുന്നു.
Content Highlight: Mamata Banerjee says Central agencies are forcing Trinamool Congress leaders to join BJP