കൊൽക്കത്ത: രാജ്യത്ത് ശ്രീ രാമന്റെ പേരിൽ ബി.ജെ.പി ആക്രമണം അഴിച്ചുവിടുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമർശം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഹൂഗ്ലി, ഹൗറ ജില്ലകളിൽ രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ നടന്ന അക്രമങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നും അക്രമം അഴിച്ചുവിടാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് വാടക ഗുണ്ടകളെ കൊണ്ടുവന്നിരുന്നുവെന്നും മമത കൂട്ടിച്ചേർത്തു.
“ഹൂഗ്ലിയിലും ഹൗറയിലും നടന്ന അക്രമങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണ്. ബംഗാളിൽ അക്രമം അഴിച്ചുവിടാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് വാടക ഗുണ്ടകളെ വരെ അവർ കൊണ്ടുവന്നിരുന്നു. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരായി തിരിച്ച് അവർ ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തുകയാണ്.
എന്നാൽ ജനങ്ങൾ ഓർക്കുക, കലാപകാരികൾക്ക് മതമില്ല, അവർ വെറും രാഷ്ട്രീയ ഗുണ്ടകളാണ്. അതിനാൽ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, ”അവർ പറഞ്ഞു.
ബിഹാറിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ കലാപകാരികളെ തലകീഴായി കെട്ടിത്തൂക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പിന്നെ എന്തുകൊണ്ടാണ് ബംഗാളിൽ പ്രശ്‌നുണ്ടാക്കിയവർക്ക് എതിരെ നടപടി എടുക്കാത്തതെന്നും അവർ കൂട്ടിച്ചേർത്തു.
“ബിഹാറിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ കലാപകാരികളെ തലകീഴായി കെട്ടിത്തൂക്കുമെന്ന് പറഞ്ഞിരുന്നല്ലോ. പിന്നെ എന്തുകൊണ്ട് ബംഗാളിൽ കലാപമുണ്ടാക്കിയ അവരുടെ ഗുണ്ടകളോട് അവർ അത് ചെയ്യുന്നില്ല? നല്ല രീതികളും തെറ്റ് തിരുത്തലും ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്,” മമത ബാനർജി പറഞ്ഞു.
Content Highlight:mamata banerjee says BJP is trying to incite violence in the name of lord ram