ബി.ജെ.പി 440 വാട്ട് പോലെ; അവര്‍ക്കു ഹിന്ദുമതത്തോട് ബഹുമാനമില്ല; മോദിയെ ഭരണത്തിലെത്തിച്ചാല്‍ രാജ്യം നശിപ്പിക്കുമെന്നും മമത
പാണ്ഡുവ (ബംഗാള്‍): ബി.ജെ.പിയാണ് രാജ്യത്തിന് ഏറ്റവും അപകടകരമെന്നും അവര്‍ 440 വാട്ട് പോലെയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിയെ തിരസ്‌കരിക്കണമെന്നും അവര്‍ക്ക് വോട്ട് ചെയ്യുന്നത് ഏതുവിധേനയും തടയണമെന്നും മമത പറഞ്ഞു.
ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ പാണ്ഡുവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു മമത ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചത്.
‘തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ രാജ്യത്തിന് ഒരു തകരാറുമുണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ രണ്ടാംതവണയും ബി.ജെ.പിയെയും മോദിയെയും വിജയിപ്പിച്ചാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കും.’- മമത പറഞ്ഞു.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നവരെ എങ്ങനെ ഭരണത്തിലേക്കു തിരികെക്കൊണ്ടുവരും ? ഹിന്ദുക്കളുടെ പാര്‍ട്ടിയാണ് തങ്ങളെന്നു പറയാന്‍ ബി.ജെ.പിക്ക് എങ്ങനെ കഴിയും ? ബി.ജെ.പിക്ക് ഹിന്ദുമതത്തോട് ഒരു ബഹുമാനവുമില്ല. മോദിക്കു കീഴില്‍ പാര്‍ട്ടി രാജ്യത്തു കലാപകാരികളെപ്പോലെ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്.
ബി.ജെ.പി നിരക്ഷരരുടെ പാര്‍ട്ടിയാണെന്നും അവരില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും മമത കുറ്റപ്പെടുത്തി.
ഒട്ടേറെ കര്‍ഷകര്‍ മോദി ഭരണത്തിനിടെ ആത്മഹത്യ ചെയ്‌തെന്നും തൊഴിലില്ലാത്തവരുടെ എണ്ണം കൂടിയെന്നും മമത ആരോപിച്ചു. ഇതിനിടെ ഇന്ധനവില കൂടി, ആളുകള്‍ക്ക് ബാങ്കില്‍ നിന്നു പണം ലഭിക്കുന്നില്ല. അതിനു സി.പി.ഐ.എം ബി.ജെ.പിയെ സഹായിക്കുകയാണെന്നും അവര്‍ പറഞ്ഞു. സി.പി.ഐ.എമ്മിന്റെ ഗുണ്ടകള്‍ ഇപ്പോള്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മമത ആരോപിച്ചു.