| Sunday, 8th March 2020, 7:16 pm

ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ സ്ത്രീകളെയെത്തിക്കാന്‍ മമതാ ബാനര്‍ജി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. അഞ്ച് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരില്‍ പകുതിയും സ്ത്രീകളാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സുഭദ്ര ഭക്ഷി, നാടക അഭിനേത്രി അര്‍പിത ഘോഷ്, മുന്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേണി, മൗസം നൂര്‍ എന്നിവരാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥികള്‍.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു പ്രഖ്യാപനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കഴിയുന്നതില്‍ താന്‍ അഭിമാനിക്കുന്നെന്ന് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.

ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കാനുള്ള മമതാ ബാനര്‍ജിയുടെ ശ്രമ ഫലമായാണ് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നിലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുന്‍ ലോക്‌സഭാംഗങ്ങളാണ് നാമനിര്‍ദ്ദേശം ചെയ്ത നാല് പേരും. സുഭദ്രാ ഭക്ഷി ഒഴികെയുള്ള മൂന്ന് പേരും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ മൂവരും പരാജയപ്പെടുകയായിരുന്നു.

അഞ്ചാം സീറ്റില്‍ തൃണമൂല്‍-സി.പി.ഐ.എം സഖ്യകക്ഷിയോ തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യകക്ഷിയോ ആവും മത്സരിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

മാര്‍ച്ച് 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more