| Friday, 14th June 2019, 12:15 pm

ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി മമതയുടെ അനന്തരവനും; മമതയെ വിമര്‍ശിച്ച് കൊല്‍ക്കത്ത മേയറുടെ മകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും. കൊല്‍ക്കത്തയിലെ കെ.പി.സി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി കൂടിയായ അപേഷ് ബാനര്‍ജിയാണ് ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയത്.

സമരത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് മമത ബാനര്‍ജി ആരോപിച്ച ഘട്ടത്തില്‍ സഹോദരീ പുത്രന്‍ തന്നെ സമരത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയത് മമതയ്ക്ക് തിരിച്ചടിയാണ്. കെ.പി.സി ആശുപത്രിയില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത് അബേഷ് ആണ്. ” നിങ്ങള്‍ ഞങ്ങളെ ദൈവമെന്ന് (god)വിളിക്കുന്നു. പിന്നെ എന്തിനാണ് ഞങ്ങളെ നായകളെ (Dogs) പോലെ കൈകാര്യം ചെയ്യുന്നത്” എന്ന ചോദ്യമുയര്‍ത്തിയ പ്ലക്കാര്‍ഡുമുയര്‍ത്തി അപേഷ് നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീമിന്റെ മകളും ഡോക്ടറുമായ ഷാബാ ഹക്കീമും മമതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക ആയതില്‍ താന്‍ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്നുമായിരുന്നു അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന വിമര്‍ശനവും ഷബ ഹക്കീം ഉയര്‍ത്തിയിരുന്നു.

കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ സമരത്തിന് പിന്തുണയുമായി ദല്‍ഹി എയിംസിലേയും സഫ്ദര്‍ജംഗിലേയും പട്‌നയിലേയും റായ്പൂരിലേയും രാജസ്ഥാനിലെയേും പഞ്ചാബിലേയും വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഡോക്ടര്‍മാരും ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് മൂന്ന് ദിവസം മുന്‍പ് കൈയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കി പ്രതിഷേധിക്കുന്നത്.

ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്ന് ആരോപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ഉച്ചയോടെ ജോലിക്ക് കയറണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലാത്ത പക്ഷം ശക്തമായ നടപടിയെടുക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ മതിയായ സുരക്ഷ ഒരുക്കാതെ ജോലിക്കില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. ബംഗാളില്‍ സമരം തുടരുന്നതിനിടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്നത്.

We use cookies to give you the best possible experience. Learn more