കേന്ദ്ര സംഘത്തെ ഹോട്ടലില്‍നിന്ന് പുറത്തിറക്കാതെ ബംഗാള്‍ സര്‍ക്കാര്‍; നിലപാട് കടുപ്പിച്ച് മമതാ ബാനര്‍ജി
national news
കേന്ദ്ര സംഘത്തെ ഹോട്ടലില്‍നിന്ന് പുറത്തിറക്കാതെ ബംഗാള്‍ സര്‍ക്കാര്‍; നിലപാട് കടുപ്പിച്ച് മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 7:22 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് നിരീക്ഷണത്തിനെത്തിയ കേന്ദ്ര സംഘത്തോട് നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘത്തോട് സഹകരിക്കില്ലെന്ന് ബംഗാള്‍ നേരത്തെ അറിയിച്ചിരുന്നു. സംഘത്തെ ഇപ്പോള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍നിന്നുപോലും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് വിവരം. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ സര്‍ക്കാരിന്റെ നീക്കം.

ചില പ്രശ്‌നങ്ങളുണ്ടെന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ അറിയിച്ചതെന്ന് കേന്ദ്ര സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അപൂര്‍വ ചന്ദ്ര പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും ഉദ്യോഗസ്ഥ സംഘങ്ങള്‍ പോയിട്ടുണ്ടെന്നും അവിടെയെല്ലാം വലിയ സ്വീകരണമാണ് അവര്‍ക്ക് ലഭിച്ചതെന്നും അപൂര്‍വ ചന്ദ്ര എ.എന്‍.ഐയോട് പറഞ്ഞു.

സംസ്ഥാനത്ത് എന്തിന് നിരീക്ഷണം നടത്തുന്നു എന്ന് വ്യക്തമാക്കാതെ അനുമതി നല്‍കില്ലെന്ന നിലപാടിലാണ് മമതാ ബാനര്‍ജി. കേന്ദ്ര സംഘത്തിന്റേത് അഡ്വഞ്ചര്‍ ടൂറിസമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ചില ജില്ലകളില്‍ പരിശോധനകള്‍ നടത്താന്‍ എത്തിയ സംഘം എന്തുകൊണ്ടാണ് കൊവിഡ് കേസുകളും ഹോട്ട് സ്‌പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പരിശോധന നടത്താത്തതെന്നും പാര്‍ട്ടി ചോദിച്ചു.

കേന്ദ്രസംഘം ബംഗാളിലെത്തി മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കേന്ദ്രം ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൃണമൂല്‍ എം.പിമാരായ ദെറെക് ഒബ്രിയാനും സുദീപ് ബന്ദോപാധ്യായയും പറഞ്ഞു.

ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ കൊവിഡ് രോഗികളും ഹോട്ട്‌സ്‌പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം സന്ദര്‍ശനം നടത്താത്തത് എന്തുകൊണ്ടാണ്?. കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ പോലുമില്ലാത്ത പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസംഘത്തെ അയക്കാനുള്ള കാരണമെന്താണെന്നും ഒബ്രിയാന്‍ ചോദിച്ചു.

‘ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണം. എന്തുകൊണ്ടാണ് കേന്ദ്രസംഘം എത്തുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കാതിരുന്നത്? ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഇക്കാര്യം ആദ്യം അറിയിക്കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരിനെയല്ലായിരുന്നോ? ഇത്തരമൊരു സംഘത്തെ അയച്ചതിന്റെ പിന്നിലുള്ള ഉദ്ദേശം വ്യക്തമല്ല. ആദ്യം വ്യക്തമാക്കേണ്ടത് ഇതാണ്’, അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളിലെ ചില ജില്ലകളിലേക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാനാണ് സംഘത്തെ അയച്ചതെന്നാണ് കേന്ദ്ര വിശദീകരണം. മുംബൈ, പൂനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ബംഗാളിലെ മറ്റ് ചില ജില്ലകള്‍ എന്നിവിടങ്ങളിലേക്കാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിരീക്ഷണം നടത്താനാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.