| Thursday, 4th May 2023, 5:58 pm

നിങ്ങള്‍ക്ക് അവരെ ആക്രമിക്കാന്‍ കഴിയും എന്നാല്‍ അവരുടെ ഊര്‍ജത്തെ തകര്‍ക്കാനാവില്ല, ഈ പോരാട്ടം അവര്‍ തുടരും: മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജന്തര്‍മന്തിറില്‍ ഗുസ്തി താരങ്ങള്‍ക്ക് നേരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങളുടെ പെണ്‍മക്കളുടെ അഭിമാനം ഇത്തരത്തില്‍ ചോദ്യംചെയ്യുന്നതില്‍ ലജ്ജാകരമാണെന്ന് മമത ട്വീറ്റ് ചെയ്തു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് മമ്ത പിന്തുണയും അറിയിച്ചു.

‘ഇന്ത്യ അവരുടെ പെണ്‍മക്കള്‍ക്ക് ഒപ്പമാണ്. ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഗുസ്തി താരങ്ങളുടെ കൂടെയുണ്ട്. നിയമം എല്ലാവര്‍ക്കും ഒന്നാണ്. സമരം ചെയ്യുന്ന താരങ്ങളുടെ അന്തസിനെ ഭരണാധികാരിയുടെ നിയമത്തിന് ഹൈജാക്ക് ചെയ്യാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് അവരെ ആക്രമിക്കാന്‍ കഴിയും എന്നാല്‍ അവരുടെ ഊര്‍ജത്തെ തകര്‍ക്കാനാവില്ല. ഈ പോരാട്ടം ശരിയാണ്. അത് തുടരുക തന്നെ ചെയ്യും’, മമത ട്വിറ്ററില്‍ കുറിച്ചു.

‘ ഞങ്ങളുടെ ഗുസ്തി താരങ്ങളെ വേദനിപ്പിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടരുത്. രാജ്യം അവരുടെ കണ്ണീര്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് രാജ്യമൊരിക്കലും മാപ്പ് നല്‍കുകയില്ല. താരങ്ങളോട് ശക്തരായി നില്‍്ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്’, മമത പറഞ്ഞു.

പൊലീസിനെതിരായ താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതിന് പിന്നാലെയാണ് മമതയുടെ ട്വീറ്റ്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത വന്നിരുന്നു. ദേശീയ താരങ്ങളോടുളള ഇത്തരത്തിലുളള പെരുമാറ്റം ലജ്ജാപരവും ധികാരവുമാണെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

‘ബി.ജെ.പി നേതൃത്വത്തിന്റെ തലയിലാകെ അഹങ്കാരം നിറഞ്ഞിരിക്കുകയാണ്. ഗൂഢാലോചനയിലൂടെ അധികാരം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. അധികാരത്തില്‍ നിന്നും ഇവരെ പുറത്താക്കാന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു’, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

‘രാജ്യത്തെ കായിക താരങ്ങളോടുളള പെരുമാറ്റം ഇത്തരത്തിലാണോ. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരവും ലജ്ജാകരവുമാണ്. ഇനി വേണ്ട ബി.ജെ.പി ഭരണം. രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബി.ജെ.പിയുടെ ഗുണ്ടായിസം വെച്ചുപൊറുപ്പിക്കരുത്, ബി.ജെ.പിയെ പിഴുതെറിയാന്‍ സമയമായി’ അദ്ദേഹം കുറിച്ചു.

നേരത്തെ, ജന്തര്‍മന്തിറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോടുളള ദല്‍ഹി പൊലീസിന്റെ പെരുമാറ്റം ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ബേഠി ബച്ചാവോ മുദ്രാവാക്യം പ്രഹസനമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ പെണ്‍മക്കളെ ദ്രോഹിക്കുന്നതില്‍ നിന്നും ബി.ജെ.പി ഒരിക്കലും പിന്മാറിയിട്ടില്ലെന്ന് ബുധനാഴ്ച്ച രാത്രി ദല്‍ഹി പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ സാക്ഷി മാലിക്കിന്റെയും വിനേഷ് ഫോഗട്ടിന്റെയും വീഡിയോ പോസ്റ്റു ചെയ്തു കൊണ്ട് രാഹുല്‍ കുറിച്ചു.

‘രാജ്യത്തെ കായിക താരങ്ങളോടുളള ഇത്തരം പെരുമാറ്റങ്ങള്‍ ലജ്ജാകരമാണ്. ബേഠി ബച്ചാവോ എന്നത് പ്രഹസനമാണ്. രാജ്യത്തെ പെണ്‍മക്കളെ ദ്രോഹിക്കുന്നതില്‍ നിന്നും ബി.ജെ.പി പിന്മാറിയിട്ടില്ല’, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Content Highlight: Mamata Banerjee’s ‘don’t dare’ warning after women wrestlers burst into tears

We use cookies to give you the best possible experience. Learn more