കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്.
ബി.ജെ.പിയുടെ രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മമതയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത്.
മമത ബാനര്‍ജിക്ക് സ്വേച്ഛാധിപത്യ മാനസികാവസ്ഥയാണെന്നാണ് ദിലീപ് ഘോഷിന്റെ ആരോപണം.
‘മമത ബാനര്‍ജിയുടെ സ്വേച്ഛാധിപത്യ മാനസികാവസ്ഥ ഒരു ജനാധിപത്യത്തില്‍ നിലനില്‍ക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബംഗാളില്‍ മീറ്റിംഗുകളോ യാത്രകളോ നടത്താന്‍ അനുവാദമില്ല. അവര്‍ (മമത ബാനര്‍ജി) പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുകയും സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു,’ ഘോഷ് ആരോപിച്ചു.
മമത ബാനര്‍ജി ഒരു റോയല്‍ ബംഗാള്‍ കടുവയല്ലെന്നും അവരുടെ അവസ്ഥ പൂച്ചയെപ്പോലെയാണെന്നും പറഞ്ഞ ഘോഷ് മമതയുടെ പാര്‍ട്ടി അംഗങ്ങള്‍ പോലും മമതയെ ഭയപ്പെടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബംഗാളിനെ വിഭജിച്ച് നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കള്‍ രഥയാത്ര നടത്തുന്നതിനേയും മമത പരിഹസിച്ചിരുന്നു.
രഥത്തില്‍ യാത്ര ചെയ്യാന്‍ ബി.ജെ.പി എന്താ ദൈവങ്ങളാണോ എന്നും ബംഗാളിന് ചുറ്റും രഥയാത്ര നടത്തി വിഭാഗീയത വളര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക