'ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്'; ബി.ജെ.പിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും മമത
national news
'ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്'; ബി.ജെ.പിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 6:11 pm

കൊല്‍ക്കത്ത: ജയിലില്‍ പോകേണ്ടി വന്നാലും ബി.ജെ.പിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബംഗാള്‍ സര്‍ക്കാരിന്റെ കഴുത്തു ഞെരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.

സംസ്ഥാനത്തെ നിരവധി മന്ത്രിമാര്‍ക്കും തൃണമൂല്‍ നേതാക്കള്‍ക്കുമെതിരെ സി.ബി.ഐ സമന്‍സയച്ച സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം. ഏത് അന്വേഷണ ഏജന്‍സി വന്നാലും കുറ്റം ചെയ്യാത്തതിനാല്‍ തങ്ങള്‍ക്ക് ഭയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് എന്റെ സഹോദരന് അവര്‍ സമന്‍സയച്ചു. നാളെ എനിക്കും സമന്‍സ് വരും. ഞാന്‍ എന്തും നേരിടാന്‍ തയ്യാറാണ്. ജയിലില്‍ പോകാനും തയ്യാറാണ്. എന്നാലും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കില്ല’- മമത പറഞ്ഞു.

ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും മമത കുറ്റപ്പെടുത്തി. രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ബി.ജെ.പി ഛിന്നഭിന്നമാക്കുകയാണെന്നും അവര്‍ തുറന്നടിച്ചു.

‘കര്‍ണാടകയില്‍ ഒരു സര്‍ക്കാര്‍ തന്നെ അട്ടിമറിക്കപ്പെട്ടപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. ബംഗാളിലും അത് തന്നെ നടക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. പക്ഷേ, അതിന് യാതൊരു സാധ്യതകളുമില്ല’- മമത പറഞ്ഞു. ബി.ജെ.പി വെല്ലുവിളിച്ച പോലെ ബംഗാളും പിടിച്ചെടുക്കുന്നത് എങ്ങനെയെന്ന് താനൊന്ന് കാണട്ടേയെന്നും മമത കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം ഭരിക്കുന്നത് വിരമിച്ച ഉദ്യോഗസ്ഥരാണെന്ന് മമത ആരോപിച്ചു. അവര്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവരില്‍ ഒരാള്‍ക്കുപോലും ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.