| Thursday, 15th September 2016, 7:28 am

സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് കൈമാറി; വ്യവസായികള്‍ക്ക് ക്ഷണവുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

2006 ല്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ബുദ്ധദേവ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് 10 വര്‍ഷത്തിന് ശേഷം അവര്‍ക്ക് തന്നെ വിട്ടുനല്‍കുന്നത്.


സിംഗൂര്‍:  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് കൈമാറി.

2006 ല്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ബുദ്ധദേവ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് 10 വര്‍ഷത്തിന് ശേഷം അവര്‍ക്ക് തന്നെ വിട്ടുനല്‍കുന്നത്.

വ്യവസായം വരണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നയം. അതിന് പക്ഷേ ബലംപ്രയോഗിച്ച്  സ്ഥലം ഏറ്റെടുത്ത് വ്യവസായത്തിന് നല്‍കില്ല മമത വിശദീകരിച്ചു. സിംഗൂരിലെ ഭൂമി ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്ന് ആഗസ്ത് 31 നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ഉത്തരവിട്ട് 12 ആഴ്ചകള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്ക് ഭൂമി കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ടാറ്റയോ, ബി.എം.ഡബ്ല്യുവോ ആയിക്കൊള്ളട്ടെ വ്യവസായം തുടങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മിഡ്‌നാപൂരിലെ ഗോള്‍ട്ടോറില്‍ 1000 ഏക്കര്‍ സ്ഥലം നല്‍കാന്‍ തയാറാണ്. അതിന് വ്യവസായികളെ ക്ഷണിക്കുകയാണ്. ഒരു മാസത്തെ സമയവും നല്‍കുന്നുമമത പറഞ്ഞു.

ഇത് കൂടാതെ ഖരഗ്പൂരിലും, പനഗട്ടിലും ഒക്കെ ഭൂമിയുണ്ട് വ്യവസായത്തിന് നല്‍കാന്‍. ആവശ്യമുള്ളവര്‍ക്ക് ധനകാര്യമന്ത്രി അമിത് മിത്രയേയോ, ചീഫ് സെക്രട്ടറിയേയോ സമീപിക്കാമെന്നും മമത വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more