| Monday, 27th May 2019, 11:59 am

സ്വയം രാജിക്കത്ത് നല്‍കി സ്വയം അത് നിഷേധിക്കുക, നല്ല തമാശ: മമതയെ പരിഹസിച്ച് മുകുള്‍ റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനൊരുങ്ങിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് മുകുള്‍ റോയ്.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മമതയുടെ വിലകുറഞ്ഞ ശ്രമമാണ് രാജി പ്രഖ്യാപനം എന്നായിരുന്നു റോയ് പറഞ്ഞത്. സ്വയം രാജിക്കത്ത് തയ്യാറാക്കി സ്വന്തം തന്നെ അത് സമര്‍പ്പിച്ച ശേഷം ആ രാജി സ്വയം നിരാകരിക്കുകയായിരുന്നു മമതയെന്നും മുകുള്‍ റോയ് പരിസിച്ചു.

” മമത ആരുടെ കയ്യിലാണ് രാജിക്കത്ത് നല്‍കിയത് എന്നറിയാന്‍ താത്പര്യമുണ്ട്, ആ രാജി ആരാണ് സ്വീകരിക്കേണ്ടത് എന്ന് അറിയാനും ആഗ്രഹിക്കുകയാണ്. സ്വന്തം രാജിക്കത്ത് സ്വയം തന്നെ നല്‍കി. എന്നിട്ട് അത് നിഷേധിച്ചു. ഇത് വളരെ തമാശയമാണ്. ജനങ്ങള്‍ വലിച്ച് താഴെയിടാതെ ഒരിക്കലും അവര്‍ അധികാരത്തില്‍ നിന്നും ഇറങ്ങില്ലെന്നും മുകുള്‍ റോയ് പറഞ്ഞു.

തകര്‍ച്ചയിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോക്കെന്നും ഇങ്ങനെയൊരു പാര്‍ട്ടി രാജ്യത്തുണ്ടായിരുന്നെന്ന് ചരിത്രപുസ്തകങ്ങളില്‍ നിന്നും പഠിക്കേണ്ടി വരുമെന്നും മുകുള്‍ റോയ് പരിഹസിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃണമൂല്‍ പുറത്താക്കിയ തന്റെ മകന്‍ സുബ്രഹ്ന്ഷു റോയ് ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതായി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മമത, പാര്‍ട്ടി അധ്യക്ഷയായി താന്‍ തുടരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നുമായിരുന്നു മമത പറഞ്ഞത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ബംഗാള്‍. 18 എം.പിമാരാണ് ബി.ജെ.പിക്ക് ബംഗാളില്‍ നിന്നുള്ളത്.

ബംഗാളില്‍ 34 സീറ്റുകളുണ്ടായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം നേടാനായത് വെറും 22 സീറ്റുകളാണ്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് ഏറിയ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്. രണ്ടും പേരും 15 വീതം റാലികളാണ് ബംഗാളില്‍ നടത്തിയത്.

We use cookies to give you the best possible experience. Learn more