കോണ്‍ഗ്രസിന് തനിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല; മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് മമത
D' Election 2019
കോണ്‍ഗ്രസിന് തനിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല; മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2019, 7:38 am

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മൂന്നാംമുന്നണി അധികാരത്തിലെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. എന്‍.ഡി.എയ്‌ക്കോ യു.പി.എയ്‌ക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്നും ബംഗാളും ഉത്തര്‍പ്രദേശും കിംഗ് മേക്കര്‍ സംസ്ഥാനങ്ങളായി മാറുമെന്നും മമത പറഞ്ഞു.

കോണ്‍ഗ്രസിന് തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടായ ഒരു നേതൃത്വമാകും ഭരണത്തില്‍ വരുകയെന്നും മമത പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, ബീഹാര്‍, ആസം എന്നിവിടങ്ങളിലായി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും നേതൃത്വത്തെ തിരഞ്ഞെടുക്കുകയെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമത ബാനര്‍ജി വ്യക്തമാക്കി.

ബംഗാളിലെ 42 സീറ്റും തൃണമൂല്‍ നേടും. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുംവിധത്തിലുള്ള ഫലമായിക്കും വരുക. ഈ രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്നാകും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും മമത വ്യക്തമാക്കി.

കൂടാതെ പഞ്ചാബ്, ദല്‍ഹി, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേല്‍ക്കും. ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലും ബി.ജെ.പി ഒരൊറ്റ സീറ്റ് പോലും ജയിക്കില്ല. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബി.ജെ.പിയുടെ സീറ്റ് വിഹിതം 40 ആയി കുറയുമെന്നും മമത കൂട്ടിച്ചേര്‍ത്തു.