| Wednesday, 1st August 2018, 12:08 am

ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണ്; ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണെന്നും അവര്‍ മാത്രമാണോ ഇന്ത്യക്കാരായുള്ളതെന്നും മമത ചോദിച്ചു.

അവരെ പുറത്താക്കാനുള്ള നടപടി രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത പറഞ്ഞു.

“ബി.ജെ.പി ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ അസമില്‍ എങ്ങനെ ജീവിക്കും, എവിടെ നിന്ന് ഭക്ഷണം കഴിക്കും. എവിടെ അഭയം തേടും. ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണ്. അവര്‍ മാത്രമാണോ ഇന്ത്യക്കാരായുള്ളത്”.മമത ചോദിച്ചു.


Read Also : കുടിയേറ്റക്കാര്‍ ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ വെടിവെച്ചുകൊല്ലണം: ബി.ജെ.പി എം.എല്‍.എ


അതേസമയം, മമത ബാനര്‍ജി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മമത വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത്ഷാ പ്രതികരിച്ചു. അവരുടെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിയതായും അമിത്ഷാ പറഞ്ഞു.

വിഷയത്തില്‍ വിദ്വേഷ പരാമര്‍ശവുമായി നേരത്തെ തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജ സിങ് രംഗത്തെത്തിയിരുന്നു. “ഈ റോഹിങ്ക്യരും ബംഗ്ലാദേശി കുടിയേറ്റക്കാരും ഇന്ത്യ വിട്ടുപോയില്ലെങ്കില്‍ അവരെ വെടിവെച്ച് തീര്‍ക്കണം, എന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടുകയുള്ളൂ” എന്നായിരുന്നു രാജസിങ് പറഞ്ഞത്.


Read Also : അനുഭവത്തിന്റെ ചൂടില്‍ അങ്ങയെ ഓര്‍മിപ്പിക്കുന്നു; അമേരിക്കയില്‍ പോകുന്ന മുഖ്യമന്ത്രിക്ക് ജി കാര്‍ത്തികേയന്റെ ഭാര്യയുടെ കുറിപ്പ്


പൗരത്വപട്ടിക സംബന്ധിച്ച് അസമിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയരുന്നതിനിടെയാണ് ഭരണകക്ഷി എം.എല്‍.എയായ രാജസിങ്ങിന്റെ പ്രസ്താവന.

ഇന്ന് രാജ്യസഭ തടസപ്പെട്ട ശേഷം അമിത് ഷാ ഇറക്കിയ പ്രസ്താവനയില്‍ എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ നുഴഞ്ഞുകയറ്റക്കാരും വിദേശികളാണെന്നും പറഞ്ഞിരുന്നു. സമാനമായ രീതിയിലാണ് അസം ആര്‍.എസ്.എസും പ്രതികരിച്ചിരുന്നത്. ഇന്ത്യ അഗതിമന്ദിരമല്ലെന്നാണ് അസം പ്രചാര്‍പ്രമുഖ് പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more