കൊല്‍ക്കത്ത: നന്ദിഗ്രാമിലെ തോല്‍വിയില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വെള്ളിയാഴ്ച മമതയുടെ ഹരജി കോടതി പരിഗണിക്കും.
സുവേന്തു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്നാണ് മമതയുടെ ആവശ്യം.
തന്റെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരിയോട് 1200 ഓളം വോട്ടുകള്‍ക്കായിരുന്നു മമത പരാജയപ്പെട്ടത്. സുവേന്തുവിന്റെ സിറ്റിംഗ് സീറ്റായിരുന്നു നന്ദിഗ്രാം.
തന്റെ സിറ്റിംഗ് സീറ്റായ ഭബാനിപൂര്‍ വിട്ടായിരുന്നു നന്ദിഗ്രാമില്‍ മത്സരിച്ചത്. എന്നാല്‍ തോറ്റെങ്കിലും തൃണമൂലിനെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റാന്‍ മമതയ്ക്കായി. ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാല്‍ മതിയെന്നതിനാല്‍ മമത തന്നെയാണ് ബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം കൈയാളുന്നത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തില്‍ എത്താന്‍ മമത ബാനര്‍ജിയെ സഹായിച്ചത് നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്.