കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയ്ക്ക് മോദിയെന്ന് പേരിടുന്ന കാലം വിദൂരമല്ല എന്നായിരുന്നു മമതയുടെ പരിഹാസം. കൊല്‍ക്കത്തയില്‍ വനിതാ ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌റ്റേഡിയത്തിന് മോദി അദ്ദേഹത്തിന്റെ പേര് ഇട്ടു. കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം വെച്ചു. ഐ.എസ്.ആര്‍.ഒ വഴി ബഹിരാകാശത്തേക്ക് തന്റെ ചിത്രം അയക്കുന്നു. രാജ്യത്തിന് അദ്ദേഹത്തിന്റെ പേരിടുന്ന കാലം അകലെയല്ല,’ മമത പറഞ്ഞു.
കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം മോദി നടത്തിയ റാലിയില്‍ മമതയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത.
അപവാദപ്രചരണങ്ങളും കള്ളങ്ങളും പ്രചരിപ്പിക്കുന്നതിനായാണ് ബി.ജെ.പിക്കാര്‍ കൊല്‍ക്കത്തിയലെത്തുന്നതെന്നും മമത വിമര്‍ശിച്ചു.
‘അവര്‍ ബംഗാളിലേക്ക് വരുന്നത് തെരഞ്ഞെടുപ്പ് സമയത്ത് കള്ളങ്ങളും അപവാദ പ്രചരണങ്ങളും നടത്തുന്നതിനായാണ്. അവര്‍ നമുക്ക് സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കും. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയൊക്കെ സ്ത്രീകളുടെ അവസ്ഥയെന്താണ്? മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിന്റെ അവസ്ഥയെന്താണ്?,’ മമത ചോദിച്ചു.
അടുത്തിടെയാണ് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് ബി.ജെ.പി സര്‍ക്കാര്‍ മാറ്റിയത്. സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പേരിട്ടിരിക്കുന്നത്. 1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക