കൊല്‍ക്കത്ത: 2021-ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഉപദേശവുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സംഘവും. തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുമെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതു ശ്രമകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ മമതയ്ക്ക് മൂന്നു ‘മന്ത്ര’ങ്ങള്‍ ഉപദേശിച്ചത്.
ദേഷ്യം കുറയ്ക്കുക, വര്‍ഗീയ വിഭജനമുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കാതിരിക്കുക, ബി.ജെ.പിയെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് അവര്‍ മമതയ്ക്കു മുന്നില്‍ വെച്ചിരിക്കുന്നത്.
ഇന്ദിരാ ഗാന്ധിക്കു സമാനമാണ് നരേന്ദ്രമോദി ഇപ്പോഴെന്നും ബി.ജെ.പിയുടേത് ഇടതുപാര്‍ട്ടികളിലേതിനു സമാനമായ കേഡര്‍ സംവിധാനമാണെന്നും ചൂണ്ടിക്കാട്ടിയ പ്രശാന്ത് കിഷോര്‍, ഇവര്‍ക്ക് എതിരാളിയായുള്ളത് ഒരു സ്ത്രീ മാത്രമാണെന്നും മമതയെക്കുറിച്ച് പറഞ്ഞു. 2021-ലെ തെരഞ്ഞെടുപ്പിന് തൃണമൂലിനെ വിജയിപ്പിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ ഭാഗമായാണ് പ്രശാന്തും സംഘവും മമതയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രശാന്തിന്റെ സംഘത്തോട് അടുത്ത വൃത്തങ്ങളുമായി സംസാരിച്ച ശേഷമാണ് അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
‘ജയ് ശ്രീറാം വിളികളുണ്ടാക്കിയ പ്രശ്‌നത്തില്‍ പ്രതികരിക്കരുതാത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ആരിത് അവരോടു പറയുമെന്നതാണ് പ്രശ്‌നം. അതു ഞങ്ങള്‍ ചെയ്തു.’- പ്രശാന്തിന്റെ സംഘത്തിലുള്ളവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെയും യുദ്ധത്തിന്റെയും പ്രതീതികളില്‍ നിന്നും മാറിനിന്ന് സമാധാനത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും പാതയില്‍ പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നാണ് പ്രശാന്ത് തൃണമൂലിനോട് പറഞ്ഞിരിക്കുന്നത്.
ഡി.കെ.ബി അഥവാ ദീദിയോട് പറയൂ എന്നു പേരിട്ടിരിക്കുന്ന പ്രചാരണപരിപാടിയാണ് ഇപ്പോള്‍ തൃണമൂല്‍ ബംഗാളില്‍ നടത്തുന്നത്. ഇത് ഗിമ്മിക്കാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അടുത്ത 20 മാസത്തിനുള്ളില്‍ 50 ലക്ഷം ആളുകളിലേക്ക് ഡി.കെ.ബി എത്തിക്കുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നതെന്ന് പ്രശാന്തിന്റെ സംഘം പറയുന്നു. വോട്ടര്‍മാര്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും മനസ്സിലാക്കാന്‍ വേണ്ടിയാണിത്.
ബി.ജെ.പി ബംഗാളില്‍ നിലയുറപ്പിച്ചത് വര്‍ഗീയത പറഞ്ഞിട്ടാണെന്നും അതുകൊണ്ട് വര്‍ഗീയതയെക്കുറിച്ച് സംസാരിക്കരുതെന്നുമാണ് മമതയ്ക്കുള്ള പ്രധാന നിര്‍ദേശം.
മമതയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാനത്ത് ആയിരം പേരെ തയ്യാറെടുക്കിയെടുക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ പ്രശാന്ത്. മുന്‍പ് ആന്ധ്രാപ്രദേശില്‍ ജഗന്മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ പ്രശാന്തിന് വേണ്ടിവന്നത് 700 പേരായിരുന്നു.