| Tuesday, 28th May 2019, 6:45 pm

താറുമാറായി തൃണമൂല്‍ കോണ്‍ഗ്രസ്; മന്ത്രി സഭ പൊളിച്ചുപണിയാനൊരുങ്ങി മമത; കൊഴിഞ്ഞുപോക്ക് ഇനിയുമുണ്ടായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി നേതാവ് മുകുള്‍ റോയിയുടെ മകനടക്കം തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കാബിനറ്റ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ച് മമതാ ബാനര്‍ജി. ഇതോടെ ചില മന്ത്രിമാര്‍ക്ക് സ്ഥാനനഷ്ടമുണ്ടായേക്കുമെന്നാണ് സൂചന.

അതത് മണ്ഡലങ്ങളിലെ നേതാക്കളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മമത പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയാണ് ലോക്‌സഭാ തെരഞ്ഞെപ്പില്‍ ലീഡായി എത്തിയതെന്ന വിശ്വാസത്തിലാണ് മമത. 42 സീറ്റില്‍ 18 ഇടത്ത് ബിജെപി ജയിച്ചുകയറി. നേരിയ ഭൂരിപക്ഷത്തോടെ 22 സീറ്റാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നേടാനായത്. മമതയുടെ മണ്ഡലലമായ ഭവാനിപൂരും ബി.ജെ.പിയുടെ വോട്ടിങ് ശതമാനം ഉയര്‍ന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പോടെ തൃണമൂലിന്റെ ആശങ്ക അവസാനിക്കുന്നില്ലെന്നാണ് രണ്ട് എം.എല്‍.എമാരടക്കം പാര്‍ട്ടി ടിക്കറ്റില്‍ അധികാരത്തിലെത്തിയ 50 കൗണ്‍സിര്‍മാരും ബിജെപിയില്‍ ചേര്‍ന്നതോടെ വ്യക്തമാവുന്നത്.

രബീന്ദ്ര ഘോഷ് ഉള്‍പ്പെടെയുള്ള വടക്കന്‍ ബംഗാളിലെ നേതാക്കളുടെ കാര്യത്തിലും മമതയ്ക്ക് ആശങ്കയുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇനിയും തൃണമൂലില്‍നിന്നും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നാണ് സൂചന.

തൃണമൂല്‍ എം.എല്‍.എമാരും കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ‘എത്ര എം.എല്‍.എമാരും കൗണ്‍സിലര്‍മാരും വരുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയില്ല. ചിലര്‍ ദല്‍ഹിയിലുണ്ടെന്നും കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്നും അറിയാന്‍ കഴിഞ്ഞു. മുകുള്‍ റോയിയാണ് സംഘത്തെ നയിക്കുന്നത്. അദ്ദേഹവും ദല്‍ഹിയിലുണ്ട്.’ ദിലീപ് ഘോഷ് പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പരാമര്‍ശം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്ത ബിജ്പൂര്‍ ലെജിസ്ലേറ്റര്‍ സുബ്രാങ്ഷു റോയിയാണ് ബി.ജെ.പിയിലേക്ക് പോകുന്ന ഒരു എം.എല്‍.എ. ‘ഇപ്പോള്‍ എനിക്ക് സ്വതന്ത്രമായി ശ്വസിക്കാം. തൃണമൂല്‍ കോണ്‍ഗ്രസില്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന ഒരുപാട് പേരുണ്ട്.’ എന്നായിരുന്നു സസ്പെന്‍ഷനുശേഷം അദ്ദേഹം പറഞ്ഞത്. തന്റെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാരക്പൂരില്‍ നിന്നുള്ള എം.എല്‍.എയായ സില്‍ബാദ്ര ദത്തയും ബി.ജെ.പിയിലേക്ക് ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഒരു സി.പി.ഐ.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more