മമതക്ക് തന്നെ പേടിയെന്ന് തസ്‌ലീമ നസ്‌റിന്‍
India
മമതക്ക് തന്നെ പേടിയെന്ന് തസ്‌ലീമ നസ്‌റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2014, 6:58 pm

[share]

[]കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തന്നെ ഭയമാണെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍.

തന്റെ പുസ്തകം അച്ചടിക്കുന്നവരുടെയും പ്രസിദ്ധീകരിക്കുന്നവരുടെയും ജീവിതം മുഖ്യമന്ത്രിയായ മമത ദുഷ്‌കരമാക്കും എന്നതിനാല്‍ തന്റെ രചനകള്‍ അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ബംഗാളിലെ എഴുത്തുകാര്‍ക്ക് ഭയമാണെന്ന് തസ്‌ലീമ പറഞ്ഞു. തന്റെ ട്വിറ്ററിലാണ് അവര്‍ ഇക്കാര്യം എഴുതിയത്.

തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിനും തന്റെ രചനകളെക്കുറിച്ചുള്ള മെഗാ സീരിയലിനും മമത വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്  തസ്‌ലീമ ആരോപിച്ചു.

എല്ലാ മുസ്‌ലിം മതവിശ്വാസികളും തന്നെ വെറുക്കുന്നതുകൊണ്ടല്ല, മറിച്ച് മതമൗലികവാദികള്‍ തന്നെ വെറുക്കുന്നു എന്നതാണ് വിലക്കിന് കാരണമെന്നും തസ്‌ലീമ പറയുന്നു.

ഇന്ത്യയിലെ മതേതരവാദികള്‍ ഹിന്ദു മൗലികവാദത്തെ മാത്രം എതിര്‍ക്കുന്നവരാണെന്ന് തസ്‌ലീമ നസ്‌റിന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

പ്രമുഖ അമേരിക്കന്‍ ഗവേഷകയായ വെന്‍ഡി ഡോണിഗര്‍ എഴുതിയ  “ദ ഹിന്ദൂസ് ആന്‍ ആള്‍ട്ടര്‍നെറ്റീവ് ഹിസ്റ്ററി” എന്ന പുസ്തകം വിവാദമായ സാഹചര്യത്തിലാണ് തസ് ലീമ നസ്‌റിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇന്ത്യയിലെ മതേതരവാദികള്‍ ഒരിക്കലും മുസ്‌ലീം മൗലികവാദികള്‍ക്കെതിരെ പ്രതിഷേധിയ്ക്കാറില്ലെന്നും തസ്‌ലീമ നസ്‌റിന്‍ പറഞ്ഞു.

“അവര്‍ യഥാര്‍ത്ഥ സെക്യുലറിസ്റ്റുകളാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ഹിന്ദു മത മൗലികവാദികളെയും മുസ്‌ലീം മൗലികവാദികളേയും ഒരുപോലെ വിമര്‍ശിയ്ക്കാറുണ്ട്” എന്നും അവര്‍ പറഞ്ഞിരുന്നു.