| Monday, 27th May 2019, 11:02 pm

വോട്ട് ചോര്‍ന്നതെവിടെ?; വിശ്വാസ വഞ്ചകരെ കണ്ടെത്താന്‍ മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണം കണ്ടെത്താന്‍ തീരുമാനിച്ച് മമതാ ബാനര്‍ജി. 192 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ലീഡ് നേടിക്കൊടുത്ത പാര്‍ട്ടിക്കുള്ളിലെ ‘വഞ്ചകരെ’ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ദീദി ആരംഭിച്ചുകഴിഞ്ഞു.

60 മണ്ഡലങ്ങളില്‍ 4,000 വോട്ടുകള്‍ക്ക് താഴെയാണ് ബി.ജെ.പിയെക്കാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം. ഈ കണക്കുകളും തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍നിന്നുകൊണ്ട് ബി.ജെ.പിയെ സഹായിച്ച പ്രാദേശിക നേതാക്കളെ ഉടനടി കണ്ടെത്താനുള്ള മമതയുടെ നീക്കം.

സി.പി.ഐ.എമ്മില്‍നിന്നും ബി.ജെ.പിയിലേക്ക് വോട്ടുകള്‍ മറിച്ച ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലുമുള്ള നേതാക്കളെ കണ്ടെത്താന്‍ മുതിര്‍ന്ന നേതാക്കളോട് മമത ചുമതലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്ക് പോയ വോട്ടുകളെക്കുറിച്ചും പരിശോധിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ മമതയെ ഞെട്ടിക്കുന്നതാണ്. നഗരങ്ങളിലെയും അര്‍ദ്ധ നഗരങ്ങളിലെയും വോട്ടുകള്‍ നിലനിര്‍ത്താനായെങ്കിലും ആദിവാസി വോട്ടുകള്‍ കൂടുതലുള്ള ജംഗള്‍ മഹര്‍, വടക്കന്‍ ബംഗാള്‍ മേഖലകളിലെ വോട്ടിലാണ് വന്‍ ചോര്‍ച്ച സംഭവിച്ചിട്ടുള്ളത്.

ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാത്തിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അടക്കം 70 ലക്ഷത്തോളം വോട്ടുകളും നഷ്ടമായതായി വിശകലന യോഗത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ പ്രതിഫലിച്ചില്ലെന്നും തങ്ങളുടെ വോട്ടര്‍മാര്‍ വളരെപെട്ടന്നുതന്നെ ദേശസ്‌നേഹികളികളായി മാറിയെന്നും അദ്ദേഹം പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സി.പി.ഐ.എമ്മില്‍നിന്ന് ബി.ജെ.പിയിലേക്ക് വോട്ട് ചോര്‍ന്നതാണ് തങ്ങളുടെ തോല്‍വിക്ക് കാരണമായതെന്ന വാദം പാര്‍ട്ടിയുടെ മോശം പ്രകടനത്തെ ലഘൂകരിക്കുന്നതിന് തുല്യമാണ്. മറ്റ് പല കാരണങ്ങളും തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ തോല്‍വി സ്വാഭാവികമല്ല, മറിച്ച് ബി.ജെ.പി ആസൂത്രിതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നതാണ് തോറ്റ മണ്ഡലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ മനസിലാക്കാവുന്ന കാര്യം. ഇത് സംഭവിച്ചത്, ആരും ബന്ധപ്പെട്ടാല്‍ വോട്ട് മറിക്കാം എന്ന് അറിയാവുന്ന ഞങ്ങളുടെ പാര്‍ട്ടിയില്‍നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ഒരു വഞ്ചകന്റെ ശ്രമഫലമായിട്ടാണ്. മറ്റൊന്ന്, മമതാ ബാനര്‍ജി കേന്ദ്രത്തില്‍ പ്രധാനപ്പെട്ട ഒരാളാവുന്നത് ഇഷ്ടമല്ലാത്ത സി.പി.ഐ.എം വോട്ടര്‍മാരുടെ പ്രവര്‍ത്തികൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more