തൃണമൂല്‍ ഒരു വടവൃക്ഷമാണ്; അതില്‍നിന്ന് ഒന്നോ രണ്ടോ പേര്‍ കൊഴിഞ്ഞ് പോയേക്കാം; സുവേന്തു അധികാരിയുടെ രാജിക്ക് പിന്നാലെ മമത
national news
തൃണമൂല്‍ ഒരു വടവൃക്ഷമാണ്; അതില്‍നിന്ന് ഒന്നോ രണ്ടോ പേര്‍ കൊഴിഞ്ഞ് പോയേക്കാം; സുവേന്തു അധികാരിയുടെ രാജിക്ക് പിന്നാലെ മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 10:35 pm

കൊല്‍ക്കത്ത: സുവേന്തു അധികാരി എം.എല്‍.എ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒന്നോ രണ്ടോ പേരൊന്നും പാര്‍ട്ടിയില്‍ നിന്ന് പോകുന്നത് തൃണമൂലിനെ തളര്‍ത്തില്ലെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് ഒരു വടവൃക്ഷമാണെന്നും മമത പറഞ്ഞു.

‘ചില ചമ്പല്‍ കൊള്ളക്കാരും ഗുണ്ടകളും ബംഗാളിനകത്തേക്ക് കയറിയിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ പൊലീസിനെയും ചിലപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും പേടിപ്പിച്ച് നോക്കുകയാണ്. ഇന്ന് തൃണമൂല്‍ ആഴത്തില്‍ വേരൂന്നിയ ഒരു ആല്‍മരമാണ്. പാര്‍ട്ടിയില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് മനസിലാക്കുന്ന ഒന്നോ രണ്ടോ പേരൊക്കെയാണ് പാര്‍ട്ടി വിട്ട് പോകുന്നത്,’ മമത പറഞ്ഞു.

നന്നായി പണയെടുക്കുന്നവര്‍ക്കാണ് പാര്‍ട്ടി ടിക്കറ്റ് കിട്ടുകയെന്നും മമത പറഞ്ഞു.

നന്നായി പണിയെടുക്കുന്നവര്‍ക്കാണ് പാര്‍ട്ടി ടിക്കറ്റ് കിട്ടുക. അതാണ് പാര്‍ട്ടിയുടെ തീരുമാനം. അതില്‍ ആശങ്കയുള്ളവര്‍ പാര്‍ട്ടി വിടും. ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിടുമെന്നാണ് ഇപ്പോള്‍ ബി.ജെ.പി പറഞ്ഞ് പേടിപ്പിക്കുന്നത്. അതില്‍ ചിലരൊക്കെ പേടിച്ചിരിക്കണം. അവരെന്നെ ജയിലിലേക്കയച്ചാല്‍ ഞാന്‍ അഭിമാനത്തോടു കൂടി പോകും. ബി.ജെ.പിക്ക് മുന്നില്‍ ഞാന്‍ തല കുനിക്കില്ല!,’ മമത പറഞ്ഞു.

ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് സുവേന്തു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചതോടെ സുവേന്തുവും തൃണമൂലും തമ്മിലുള്ള വിള്ളല്‍ പരസ്യമാക്കപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇദ്ദേഹത്തിന് കേന്ദ്രം ഇസഡ് പ്ലസ് സുരക്ഷ ഉറപ്പാക്കിയിരുന്നു.

നേരത്തെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

അധികാരി ബി.ജെ.പിയിലേക്ക് പോകില്ലെന്നും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തിട്ടുണ്ടെന്നും മമത ബാനര്‍ജിയെ വിജയിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.

നേരത്തെ സൗഗത റോയിയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സുവേന്തു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, മന്ത്രിസ്ഥാനം രാജിവെച്ച അധികാരിയെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു. അധികാരി വന്നാല്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്നാണ് ബംഗാള്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞത്.

കുറച്ചു നാളുകളായി അധികാരി തൃണമൂലിനോട് പ്രകടമായ അകല്‍ച്ച കാണിച്ചിരുന്നു. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഒന്നുമില്ലാതെയായിരുന്നു അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നത്.

മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ജനങ്ങളാണ് തന്റെ അവസാന വാക്കെന്ന് പറഞ്ഞിരുന്നു. ബംഗാളിന്റെ ബംഗാളി ആയിരിക്കും താനെന്നും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee hit back after Suvendu Adhikari resigns as MLA