| Saturday, 19th January 2019, 3:56 pm

മോദി സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞു; പ്രധാനമന്ത്രിക്ക് വേട്ടയാടാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് പറ്റില്ല; മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മോദി സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞെന്ന് യുണൈറ്റഡ് ഇന്ത്യ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുതിയ ഇന്ത്യ നിര്‍മ്മിക്കാനാണ് പ്രതിപക്ഷം ഒത്തുകൂടിയിരിക്കുന്നതെന്നും മമത പറഞ്ഞു.

“മരുന്നുകളുടെ കാലാവധി കഴിയും പോലെ മോദിയുടെ കാലാവദിയും കഴിഞ്ഞിരിക്കുകയാണ്. പുതിയ ഇന്ത്യ നിര്‍മ്മിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്. ” മമത പറഞ്ഞു.

“നമ്മള്‍ ഒരിക്കലും കടക്കാത്ത ലക്ഷ്മണ രേഖയുണ്ട് രാഷ്ട്രീയത്തില്‍. പ്രധാനമന്ത്രി എല്ലാവരേയും വേട്ടയാടുകയാണ്. പിന്നെ എന്തുകൊണ്ട് നമുക്ക് അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്തുകൂടാ? അദ്ദേഹം അവകാശപ്പെടുന്നത് താന്‍ ക്ലീന്‍ ആണെന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പെട്ടിരിക്കുന്ന കുംഭകോണങ്ങള്‍ നോക്കൂ. കാലം മാറി. കാലാവസ്ഥയും. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ മാറിക്കൂടാ. “എന്നും അവര്‍ ചോദിച്ചു.

“ഈ യോഗം ചരിത്രപരമായ ആവശ്യമാണ്. നിങ്ങള്‍ ചോദിക്കും ആരാണ് പ്രതിപക്ഷ നേതാവെന്ന്. സ്റ്റേജില്‍ ഒരുപാടാളുകളുണ്ട്. നിങ്ങള്‍ കാണുന്നില്ലേ? നിങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ക്ക് ഒരുപാട് നേതാക്കളുണ്ട്. നമ്മള്‍ നേരത്തെ ആദരവോടെ കണ്ടിരുന്ന സി.ബി.ഐയെ അവര്‍ നശിപ്പിച്ചിരിക്കുകയാണ്. ഓഫീസര്‍മാരുടെ മോശമല്ല.” മമതാ ബാനര്‍ജി പറഞ്ഞു.

ബി.ജെ.പിയ്‌ക്കെതിരെ മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കളാണ് പങ്കെടുക്കുന്നത്.

Also read:ജെ.എന്‍.യു രാജ്യദ്രോഹക്കേസ്; പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് കോടതി സ്വീകരിച്ചില്ല

അഴിമതിക്കാരായ നേതാക്കളുടെ റാലിയെന്നാണ് ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ ഇതിനെ വിശേഷിപ്പിച്ചത്. കാപട്യത്തിന്റെ പ്രദര്‍ശനത്തിന് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പാണിതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

We use cookies to give you the best possible experience. Learn more