ന്യൂദല്‍ഹി: രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്ര ക്യാബിനറ്റിനെ പോലും അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്ന മോദി രാജ്യസഭയെ പോലും വില കുറച്ച് കാണുകയാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
പ്രധാനപ്പെട്ട ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യസഭയെ വിലകുറച്ചു കാണിച്ചു. ക്യാബിനറ്റിനെ പോലും അറിയിക്കാതെയാണ് നോട്ടുനിരോധനവും റാഫേല്‍ ഇടപാടും തീര്‍ത്തത്. യശ്വന്ത് സിന്‍ഹ പറഞ്ഞു.
സര്‍ക്കാരിന്റെ തോല്‍വികള്‍ മറച്ചുവെക്കാന്‍ ജി.ഡി.പി കണക്ക് കൂട്ടുന്ന രീതി പോലും മാറ്റി. യു.പി.എ സര്‍ക്കാര്‍ തങ്ങളേക്കാള്‍ നല്ല പ്രകടനം കാഴ്ചവെച്ചന്നത് മറച്ചുവെക്കാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ പിന്‍വലിച്ചു. പിന്നെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടെന്ന് കാണിക്കാന്‍ കള്ളക്കണക്കുണ്ടാക്കിയെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച “ഐഡിയ ഓഫ് ബംഗാള്‍” പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാജ്‌പേയി സര്‍ക്കാരില്‍ ധനകാര്യമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യശ്വന്ത് സിന്‍ഹ.