| Friday, 18th December 2020, 6:57 pm

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ഭരണത്തെ അട്ടിമറിക്കുന്നു; അമിത് ഷായ്‌ക്കെതിരെ മമത സുപ്രീംകോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളിലെ മൂന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയ്‌ക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയവുമായി നടക്കുന്ന വിര്‍ച്വല്‍ യോഗത്തിന് ശേഷമായിരിക്കും മമത അന്തിമ തീരുമാനമെടുക്കുക.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ നടപടി നിലവിലെ ഫെഡറല്‍ വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് മമത പറഞ്ഞിരുന്നു.

“സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ പശ്ചിമ ബംഗാളിലെ 3 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യുട്ടേഷന്‍ നല്‍കാനുള്ള തീരുമാനം കേന്ദ്രം അധികാര ദുര്‍വിനിയോഗം ചെയ്യുന്നുവെന്നതിന് ഉദാഹരണമാണ്. ഐ.പി.എസ് കേഡര്‍ റൂള്‍ 1954 ലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണിത്’, മമത പറഞ്ഞു.

ഈ നടപടി സംസ്ഥാനത്തിന്റെ അധികാരപരിധി ലംഘനമാണെന്നും ബംഗാളിലെ ഉദ്യോഗസ്ഥരെ നിരാശപ്പെടുത്താനുള്ള ശ്രമമാണെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടത്തുന്ന കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു. ഭരണഘടന വിരുദ്ധവും പൂര്‍ണ്ണമായും അസ്വീകാര്യമാണെന്നും അവര്‍ പറഞ്ഞു.

നിയമത്തിന്റെ പഴുതുകളുപയോഗിച്ച് സംസ്ഥാനത്തെ നിയന്ത്രിക്കാമെന്ന കേന്ദ്രത്തിന്റെ ആഗ്രഹം അനുവദിക്കില്ലെന്നും ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കുമുന്നില്‍ ബംഗാള്‍ മുട്ടുമടക്കില്ലെന്നും മമത പറഞ്ഞു.

കഴിഞ്ഞയാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ റാലിയ്ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് തൊട്ടുപിന്നാലെയാണ് ബംഗാളിലെ 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ഇവരെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് തന്നെ കേന്ദ്രസേവനത്തിനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിയ്ക്ക് കത്തയക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee Govt May Move SC as MHA Piles Pressure on Central Deputation of 3 Bengal IPS Officers

We use cookies to give you the best possible experience. Learn more