| Wednesday, 1st April 2020, 7:31 pm

'വളരെ പരിമിതമായ ഇടങ്ങളില്‍ നിന്നാണ് ഞാന്‍ വരുന്നത്, ശമ്പളം വാങ്ങാറില്ല, ഇതെന്റെ ചെറിയ സഹായം'; രാജ്യത്തിന് മമതാ ബാനര്‍ജിയുടെ കൈത്താങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന അടിയന്തര ദുരിതാശ്വാസ നിധിയിലേക്കും അഞ്ച് ലക്ഷം രൂപ വീതം സംഭാവന ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ വളരെ പരിമിതമായ ഉറവിടങ്ങളില്‍നിന്നാണ് തുക സംഭാവന ചെയ്യുന്നതെന്നും മമത ട്വീറ്റ് ചെയ്തു.

‘എം.എല്‍.എ എന്ന നിലയ്‌ക്കോ മുഖ്യമന്ത്രി എന്ന നിലയ്‌ക്കോ ഞാന്‍ ഒരു രൂപ പോലും ശമ്പളം വാങ്ങുന്നില്ല. ഏഴ്തവണ എം.പിയായിരുന്ന ഞാന്‍ എം.പി പെന്‍ഷനും വേണ്ടെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. വളരെ പരിമിതമായ സ്ഥലത്തുനിന്നാണ് ഞാന്‍ വരുന്നത്. എന്റെ സര്‍ഗാത്മക ഇടങ്ങളാണ് ഞാന്‍ വരുമാനമാര്‍ഗമായി കൊണ്ടുനടക്കുന്നത്. സംഗീതത്തില്‍നിന്നും പുസ്തകങ്ങളില്‍നിന്നും ലഭിക്കുന്ന റോയല്‍റ്റിയാണ് എന്റെ ആകെ വരുമാനം’, മമത ട്വീറ്റ് ചെയ്തു.

‘വളരെ പരിമിതമായ ഉറവിടങ്ങള്‍ ഉപയോഗിച്ച് ഞാന്‍ അഞ്ച് ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കും പശ്ചിമബംഗാള്‍ സംസ്ഥാന അടിയന്തര സഹായ നിധിയിലേക്കും നല്‍കുകാണ്. രാജ്യമൊട്ടാകെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പിന്തുണയാണിത്’, മമത മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

ബംഗാളില്‍ ഇതുവരെ 26 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധയെത്തുടര്‍ന്ന് നാലുപേര്‍ മരണപ്പെടുകയും ചെയ്തു.

We use cookies to give you the best possible experience. Learn more