| Tuesday, 14th September 2021, 4:56 pm

മമതയ്‌ക്കെതിരെയുള്ള അഞ്ച് പൊലീസ് കേസുകള്‍ വെളിപ്പെടുത്തിയില്ലെന്ന് ബി.ജെ.പിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ പരാതിയുമായി ബി.ജെ.പി.

ഭവാനിപൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ തനിക്കെതിരെയുള്ള അഞ്ച് പൊലീസ് കേസുകള്‍ മമത മറച്ചുവെച്ചു എന്നാണ് ആരോപണം.

അസമില്‍ മമതയ്‌ക്കെതിരെ അഞ്ച് പൊലീസ് കേസുകള്‍ ഉണ്ടെന്നും അതിന്റെ ക്രിമിനല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇക്കാര്യം മറച്ചുവെച്ചാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്നും കാണിച്ച് മമതയ്‌ക്കെതിരെ മത്സരിക്കുന്ന പ്രിയങ്ക ടിബ്രെവാള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, രാജ്യത്ത് ജനാധിപത്യമില്ലെന്നും തനിക്കെതിരെ ലക്ഷകണക്കിന് എഫ്.ഐ.ആര്‍ എടുത്താലും തനിക്കൊരു പേടിയുമില്ലെന്നുമാണ് മമത ഇതിന് മറുപടി പറഞ്ഞത്.

സെപ്റ്റംബര്‍ 30നാണ് തെരഞ്ഞെടുപ്പ്. നന്ദിഗ്രാമില്‍ തോറ്റ മമതയ്ക്ക് ഭവാനിപൂരില്‍ മത്സരം നിര്‍ണായകമാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വരും.

ഭവാനിപൂരില്‍ നിന്നും ജയിച്ച തൃണമൂല്‍ എം.എല്‍.എ ഷോഭന്‍ദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്.
മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപുര്‍.

2011 ലും 2016 ലും ഭവാനിപൂരില്‍ നിന്നാണ് മമത മത്സരിച്ച് ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mamata Banerjee Didn’t Disclose 5 Police Cases: BJP’s Poll Complaint

We use cookies to give you the best possible experience. Learn more