തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ചിത്രം വരച്ച് മമതയുടെ ഒറ്റയാള്‍ പ്രതിഷേധം
national news
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ചിത്രം വരച്ച് മമതയുടെ ഒറ്റയാള്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th April 2021, 2:13 pm

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ മമതയുടെ പ്രതിഷേധം. ചിത്രം വരച്ചു കൊണ്ടാണ് മമത പ്രതിഷേധിച്ചത്.

മായോ റോഡ് വെന്യുവിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് മമത ചിത്രം വരച്ചുകൊണ്ട് പ്രതിഷേധിച്ചത്.

പ്രതിഷേധിച്ച സ്ഥലത്ത് തൃണമൂല്‍ നേതാക്കളാരും തന്നെയുണ്ടായിരുന്നില്ല. മമത ഒറ്റയ്ക്കാണ് പ്രതിഷേധിക്കുന്നതെന്നും പ്രതിഷേധിക്കുന്നിടത്തേക്ക് ഒരു തൃണമൂല്‍ നേതാവിനെപ്പോലും കയറ്റുന്നില്ലെന്നും ഒരു മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

24 മണിക്കൂറാണ് മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്കാരംഭിച്ച വിലക്ക് ഇന്ന് 8 വരെ നീളും.

ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു മമതയുടെ ഒറ്റയാള്‍ പോരാട്ടം.

രണ്ട് വിഷയത്തിലും മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ മമത നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് മമതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മമത രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയായിരുന്നു വിമര്‍ശനം. ബി.ജെ.പി എന്തുപറഞ്ഞാലും അതുമാത്രം കേള്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് മമത പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്ന ഒന്നും കമ്മീഷന്‍ കേള്‍ക്കുന്നില്ലെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee dharna against election commission 24 hour ban