അന്ന് തകര്‍ത്തത് ഇടതുപക്ഷത്തെ, ഇന്ന് തകര്‍ക്കേണ്ടത് ബി.ജെ.പിയെ; നന്ദിഗ്രാമില്‍ അങ്കത്തിനിറങ്ങാന്‍ മമത
national news
അന്ന് തകര്‍ത്തത് ഇടതുപക്ഷത്തെ, ഇന്ന് തകര്‍ക്കേണ്ടത് ബി.ജെ.പിയെ; നന്ദിഗ്രാമില്‍ അങ്കത്തിനിറങ്ങാന്‍ മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th January 2021, 6:30 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന മണ്ഡലം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കര്‍ഷക പ്രസ്ഥാനത്തിന്റെ ഐതിഹാസിക കേന്ദ്രമായ നന്ദിഗ്രാമില്‍ നിന്നാണ് താന്‍ മത്സരിക്കുക എന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സുവേന്തു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

‘ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്,’ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി പട്ടണത്തില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് മമത ബാനര്‍ജി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മമത ഭബാനിപൂരില്‍ നിന്നാണ് മത്സരിച്ചത്.
‘ഭബാനിപൂര്‍, ദയവായി മോശം വിചാരിക്കരുത്. ഞാന്‍ നിങ്ങള്‍ക്ക് ഒരു നല്ല സ്ഥാനാര്‍ത്ഥിയെ തരാം,’ മമത പറഞ്ഞു.

രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യതയും മമത തള്ളിക്കളഞ്ഞില്ല. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് തനിക്ക് മത്സരിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച്
അധികാരത്തില്‍ എത്താന്‍ മമത ബാനര്‍ജിയെ സഹായിച്ചത് നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്.

2007 ല്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ 14 കര്‍കരാണ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ വിജയിച്ചു.

അതേസമയം, മമത നന്ദിഗ്രാമില്‍ മത്സരിച്ചാല്‍ അത് സുവേന്തു അധികാരിക്ക് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നന്ദിഗ്രാമത്തിന്റെ ശക്തമായ പിന്തുണയോടെയാണ് സുവേന്തു തൃണമൂലിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Mamata Banerjee, Declares Will Contest Nandigram