ന്യൂദല്‍ഹി: സി.ബി.ഐയുമായി പോര് തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ചുണയുണ്ടെങ്കില്‍ മോദി രാഷ്ട്രപതി ഭരണം കൊണ്ടുവരട്ടെയെന്നും ഇത് ബംഗാളാണെന്നും അത് മറക്കേണ്ടെന്നും മമത തുറന്നടിച്ചു.
ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. – മമത പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മമതയുടെ വിമര്‍ശം.
മോദി സര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി “ധിക്കാര്‍” റാലി നടത്തുമെന്നും മമത അറിയിച്ചു. മോദിക്ക് ഭ്രാന്താണ് അദ്ദേഹത്തിന്റെ കാലാവധി തീരാറായിരിക്കുകയാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്നും മമത പറഞ്ഞു.
സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചാണ് മമതയുടെ സമരം.
മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്. മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന മമത ബാനര്‍ജിയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തതിന് പിന്നാലെ എച്ച്.ഡി ദേവഗൗഡ, മായാവതി, എം.കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍, ശരദ് പവാര്‍, ലാലുപ്രസാദ് യാദവ്, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, യശ്വന്ത് സിന്‍ഹ, തേജസ്വി യാദവ്, ഹേമന്ദ് സോറണ്‍, ഹര്‍ദിക് പട്ടേല്‍, അഭിഷേക് മനു സിഗ്വി, ശരദ് യാദവ്, ജിഗ്‌നേഷ് മേവാനി തുടങ്ങിയവര്‍ മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ ഞായറാഴ്ച രാത്രി ബംഗാള്‍ പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2013 ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.