| Monday, 14th February 2022, 8:06 am

ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനം നടത്താന്‍ സ്റ്റാലിന് ഫോണ്‍ വിളിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് സംസാരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണ്‍ വിളിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് മമതയുടെ നീക്കം.

‘പ്രിയപ്പെട്ട ദീദി മമത ബാനര്‍ജി, ബി.ജെ.പി പ്രതിനിധികളായ ഗവര്‍ണര്‍മാരുടെ ഭരണഘടനാ വിരുദ്ധ നടപടികളെ കുറിച്ചും അവര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതിലുള്ള ആശങ്കയും പങ്കുവെക്കാന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു’, അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നതിന് മമത ബാനര്‍ജി നിര്‍ദേശിച്ചു. സംസ്ഥാന സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ ഡി.എം.കെയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് താന്‍ മമതക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കണ്‍വെന്‍ഷന്‍ ദല്‍ഹിക്ക് പുറത്ത് ഉടന്‍ നടക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭ നിര്‍ത്തിവെച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിന്റെ നടപടി ഔചിത്യമില്ലാത്തതാണെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവന.

സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ധന്‍ഖര്‍ ശനിയാഴ്ച മുതല്‍ നിയമസഭ നിര്‍ത്തി വെച്ചിരുന്നു.

‘നിയമസഭാ സമ്മേളനം നിര്‍ത്തിവെപ്പിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ നടപടി അത്തരത്തിലൊരു പദവിയിലുള്ളൊരു ആളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നല്ല. ഒരു ഔചിത്യവുമില്ലാതെയും സ്ഥാപിത മാനദണ്ഡങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും എതിരായാണ് ഗവര്‍ണര്‍ സഭ നിര്‍ത്തിവെപ്പിച്ചത്,’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാന്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ആള്‍ എല്ലാവര്‍ക്കും മാതൃകയായിരിക്കണമെന്നും പരസ്പരം ബഹുമാനിക്കുന്നതിലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിന് മറുപടിയുമായി ധന്‍ഖര്‍ രംഗത്തെത്തിയിരുന്നു. ‘അദ്ദേഹത്തിന്റെ വളരെ പരുഷമായിട്ടുള്ള നിരീക്ഷണങ്ങള്‍ വസ്തുതാപരമായിട്ടുള്ളതല്ല. മമത ബാനര്‍ജിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച അപേക്ഷ മാനിച്ചാണ് സഭ നിര്‍ത്തിവെച്ചത്,’ ധന്‍ഖര്‍ ട്വീറ്റ് ചെയ്തു.

ഗവര്‍ണര്‍ സ്വമേധയാ തീരുമാനമെടുത്തതല്ല, മന്ത്രിസഭയുടെ ശിപാര്‍ശയെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിയമസഭ നിര്‍ത്തിവെച്ചതെന്നും അതില്‍ ആശയക്കുഴപ്പമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് നേരത്തെ പറഞ്ഞിരുന്നു.


Content Highlights: Mamata Banerjee called Stalin to hold a meeting of non-BJP chief ministers

We use cookies to give you the best possible experience. Learn more