കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്താന്‍ സംഘത്തെ അയച്ചതില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി.
നിലവില്‍ ഇല്ലാത്ത പ്രശ്‌നങ്ങളില്‍ കേന്ദ്രം സംഘത്തെ അയക്കുന്നത് നിര്‍ത്തണമെന്നാണ് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ചിട്ട് 24 മണിക്കൂര്‍ പോലുമായില്ല. അതിനുമുന്നേ സംഘത്തെയും മന്ത്രിമാരെയുമൊക്കെ അയക്കാന്‍ തുടങ്ങി. ആരെങ്കിലും പുറത്ത് നിന്ന് ഇങ്ങോട്ട് വരുന്നുണ്ടെങ്കില്‍ അവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. അത് പ്രത്യേക വിമാനത്തില്‍ വരുന്നവരായാലും ചെയ്തിരിക്കണം,’ മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ വലിയ രീതിയിലുള്ള അക്രമങ്ങളാണ് ബംഗാളില്‍ നടക്കുന്നത്. അക്രമ സംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം പഴിചാരുകയാണ്.
നാലംഗ സംഘത്തെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാളിലേക്ക് അയച്ചിരിക്കുന്നത്. അക്രമം തടയുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേന്ദ്രം മമതയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാല്‍ ജനവിധി അംഗീകരിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് ബി.ജെ.പിക്ക് വോട്ടുകിട്ടിയിടത്തെല്ലാം അക്രമങ്ങള്‍ നടക്കുന്നതെന്നുമാണ് മമത പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ചില കേന്ദ്രമന്ത്രിമാര്‍ കലാപത്തിന് ആഹ്വാനം നടത്തുകയാണെന്നും മമത ആരോപിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക