'എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ എനിക്കറിയില്ല, പിന്നെ നിങ്ങള്‍ക്കെങ്ങനെ കഴിയും?'; പ്രതിഷേധത്തില്‍ കൊടുങ്കാറ്റായി മമതാ ബാനര്‍ജി
CAA Protest
'എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ എനിക്കറിയില്ല, പിന്നെ നിങ്ങള്‍ക്കെങ്ങനെ കഴിയും?'; പ്രതിഷേധത്തില്‍ കൊടുങ്കാറ്റായി മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2019, 6:10 pm

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.

തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും അവര്‍ ചോദിച്ചു. ബി.ജെ.പി കളിക്കുന്നത് തീ കൊണ്ടാണെന്നും മമത കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

‘അവര്‍ കള്ളം പറയുകയും ആശങ്കയുണ്ടാക്കുകയുമാണ്. എനിക്ക് എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ പോലും അറിയില്ല. എനിക്കത് പറയാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്കെല്ലാം എങ്ങനെ സാധിക്കും?’, മമത ചോദിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെയും മമത രൂക്ഷമായി വിമര്‍ശിച്ചു. ‘കര്‍ണാടകയില്‍ പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊല്ലുകയാണ്. എന്നിട്ടും ബംഗാളിലെ പ്രതിഷേധക്കാരെ കലാപകാരികളെന്ന് വിളിക്കാന്‍ അവര്‍ക്ക് നാണമില്ലേ?’, മമത പറഞ്ഞു.

‘ഈ റാലി ജനങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ളതാണ്. ദിവസങ്ങള്‍ കഴിയുന്തോറും പ്രതിഷേധത്തിന് ജനപങ്കാളിത്തം കൂടിക്കൂടി വരുന്നത് നോക്കൂ. ജീവിതകാലം മുഴുവന്‍ കോളെജ് ഗേറ്റിലും റോഡിലും പ്രതിഷേധിച്ച എനിക്ക് ഈ പ്രതിഷേധങ്ങളുടെയൊക്കെ ഭാഷ മനസിലാവും’, അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധപരിപാടിയില്‍ ഉള്ള വിദ്യാര്‍ത്ഥികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ആരും ഭയപ്പെടരുതെന്നും മമത പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമിഅ മില്ലിയയിലേയും ഐ.ഐ.ടി കാണ്‍പൂരിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മമത പറഞ്ഞു. 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നവരാണെന്നും അവര്‍ പ്രതിഷേധിക്കുന്നതില്‍ അസ്വസ്ഥമാകേണ്ടതില്ലെന്നും മമതാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ