വിളിക്കുന്ന ഒരു മീറ്റിങ്ങുകളിലും മമത പങ്കെടുക്കാറില്ല; അഹങ്കാരിയാണവര്‍: മമതയെ വിടാതെ മോദി
India
വിളിക്കുന്ന ഒരു മീറ്റിങ്ങുകളിലും മമത പങ്കെടുക്കാറില്ല; അഹങ്കാരിയാണവര്‍: മമതയെ വിടാതെ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th April 2021, 3:28 pm

 

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുഖ്യമന്ത്രി മമത ബാനര്‍ജി അഹങ്കാരിയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ ഒന്നും അവര്‍ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു അസന്‍സോളില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

‘ മമത അഹങ്കാരിയായി മാറിയിട്ടുണ്ട്. വ്യത്യസ്തമായ ന്യായീകരണങ്ങള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ നിന്നെല്ലാം അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യാറ്. ഒരു യോഗങ്ങളിലും അവര്‍ പങ്കെടുക്കാറില്ല’, എന്നായിരുന്നു മോദി പറഞ്ഞത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ മോദി തന്നെ അപമാനിക്കാറാണെന്നും അത് പതിവാണെന്നും മമത പറഞ്ഞിരുന്നു. മോദി പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം അദ്ദേഹം തന്നെ അധിക്ഷേപിക്കാറുണ്ടെന്നായിരുന്നു മമത പറഞ്ഞത്.

ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ഒരു യോഗങ്ങളിലും മമത പങ്കെടുക്കാറില്ലെന്ന് മോദി പറഞ്ഞത്. ബംഗാളില്‍ തങ്ങള്‍
ക്രമസമാധാനം തിരികെ കൊണ്ടുവരുമെന്നും വ്യവസായവല്‍ക്കരണം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. വികസനത്തിന്റെ പേരില്‍ കൊള്ളയടിക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ മമത എതിര്‍ത്തു. ബംഗാളില്‍ അവര്‍ നിര്‍ത്താലാക്കിയ എല്ലാ പദ്ധതികളും തങ്ങള്‍ ഇവിടെ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

കൂച്ച് ബെഹാര്‍ വെടിവെപ്പിനെ മമത രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. കൂച്ച് ബെഹാറില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പ്രതിഷേധ റാലി നടത്തണമെന്ന് മമത ആവശ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

”ഒരു ഓഡിയോ ടേപ്പ് പുറത്തുവന്നിട്ടുണ്ട്, ഇതില്‍ ദീദി എങ്ങനെ രാഷ്ട്രീയം കളിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. കൂച്ച് ബെഹാര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഘോഷയാത്ര നടത്തണമെന്നാണ് അവര്‍ പറയുന്നത്. മൃതദേഹത്തെപ്പോലും രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്’, എന്നായിരുന്നു മോദി പറഞ്ഞത്.

നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കൂച്ച് ബെഹാര്‍ ജില്ലയിലെ പോളിംഗ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവയ്പ്പിലായിരുന്നു പോളിംഗ് ഏജന്റ് ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചത്. മരിച്ചവര്‍ എല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സുരക്ഷക്കായി നിയോഗിച്ച സി.ആര്‍.പി.എഫ് സൈനികര്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ നിയമം കയ്യിലെടുക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന് ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു.

കൂച്ച് ബെഹാറിലെ സീതാല്‍കുച്ചിയില്‍ നാലുപേരെയായിരുന്നില്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടതായിരുന്നു എന്ന് പറഞ്ഞ് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവും ഹബ്ര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ സിന്‍ഹയും രംഗത്തെത്തിയിരുന്നു.

കൂച്ച് ബീഹാര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ സിന്‍ഹയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

കൂച്ച് ബെഹാര്‍ അക്രമണം ബി.ജെ.പി സ്പോണ്‍സര്‍ ചെയ്തതാണെന്നും ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഈ കൊലപാതകങ്ങള്‍ നടന്നതെന്നാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നും ഈ പ്രസ്താവനയുടെ പേരില്‍ ദിലീപ് ഘോഷിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee arrogant, doesn’t attend meetings, says PM