കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം ശേഷിക്കെയാണ് പുതിയ പ്രഖ്യാപനങ്ങള്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ഡി. എയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1250 രൂപയില്‍ നിന്നും 950 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.
കൊവിഡും ലോക്ക്ഡൗണും വന്നതോടെ നിരവധി കുടുംബങ്ങള്‍ക്ക് സാമ്പത്തികമായി കഴിവില്ലാത്തതിനാല്‍ നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും മമത സംസ്ഥാന ജീവനക്കാരുടെ പ്രതിനിധികള്‍ പങ്കെടുത്ത മീറ്റിങ്ങില്‍ സംസാരിക്കവെ മമത പറഞ്ഞു.
‘അവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ പോലുമില്ല. അതുകൊണ്ട് മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ടാബുകള്‍ നല്‍കാന്‍ തീരുമാനിച്ചു,’ മമത പറഞ്ഞു.
ഈ പദ്ധതിയില്‍ 9.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മമത പറഞ്ഞു.
‘ബംഗാളില്‍ 636 മദ്രസകളും 14,000ത്തോളം സ്‌കൂളുകളുമുണ്ട്. എല്ലാ ഹയര്‍ സെക്കണ്ടറി കുട്ടികള്‍ക്കും ടാബുകള്‍ ലഭിക്കും,’ മമത പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഡി.എ നല്‍കുന്നത് നിര്‍ത്തലാക്കിയെങ്കിലും ബംഗാള്‍ അത് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ ശമ്പളവും ഡിഎയും കൃത്യമായി നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഡി. എ 2,200 രൂപ അധികം നല്‍കുമെന്ന് ആഭ്യന്തര സെക്രട്ടറി ഹരികൃഷ്ണ ദ്വിവേദി പറഞ്ഞു.
യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ടാബ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അതിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മമത വിദ്യാഭ്യാസ മന്ത്രി പാര്‍ത്ത ചാറ്റര്‍ജിയോട് പറഞ്ഞിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക