കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണം കഴിഞ്ഞാൽ കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ക്കും പോയി ധ്യാനിക്കാം, എന്നാല്‍ ധ്യാനത്തിന് ആരെങ്കിലും ക്യാമറ കൊണ്ട് പോകുമോയെന്ന് മമത പരിഹസിച്ചു.
‘ആര്‍ക്കും പോയി ധ്യാനിക്കാം. ധ്യാനിക്കുമ്പോള്‍ ആരെങ്കിലും ക്യാമറ എടുക്കുമോ. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പാണ് ധ്യാനത്തിനെന്ന് പറഞ്ഞ് പോയി പ്രധാനമന്ത്രി എ.സി മുറിയില്‍ ഇരിക്കുന്നത്. എന്ത് കൊണ്ടാണ് ഒരു പാര്‍ട്ടിയും ഇതിനെതിരെ മിണ്ടാത്തത്,’ മമത ചോദിച്ചു.
കന്യാകുമാരിയില്‍ മോദി ധ്യാനിക്കുന്നത് സംപ്രേക്ഷണം ചെയ്താല്‍ അത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
മെയ് 30നാണ് പ്രധാനമന്ത്രി കന്യാകുമാരിയില്‍ എത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുമെന്ന് മോദി നേരത്തെ അറിയിച്ചിരുന്നു.
2019ലും മോദി സമാനരീതിയില്‍ ധ്യാനം നടത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കലാശക്കൊട്ട് കഴിഞ്ഞതിന് ശേഷം ഉത്തരാഖണ്ഡിലെ കേദര്‍നാഥ് ക്ഷേത്രത്തിന്റെ ഭാഗമായ രുദ്രദാന ഗുഹയിലാണ് മോദി ധ്യാനമിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ മോദി തന്നെ അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Content Highlight: Mamata Banerjee against PM’s Kanniyakumari trip