കേന്ദ്രത്തില്‍ ഞങ്ങള്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യമുണ്ടാക്കുന്നു; ബംഗാളില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നു: മമത
national news
കേന്ദ്രത്തില്‍ ഞങ്ങള്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യമുണ്ടാക്കുന്നു; ബംഗാളില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നു: മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2023, 8:34 pm

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തന്റെ എല്ലാ ശ്രമങ്ങളുമുണ്ടായിട്ടും സംസ്ഥാനത്ത് സി.പി.ഐ.എമ്മും കോണ്‍ഗ്രസും ആ പ്രവര്‍ത്തനങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ഇരു പാര്‍ട്ടികളും സംസ്ഥാനത്ത് ബി.ജെ.പിയുടെ രണ്ടാം സ്ഥാനക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും മമത പറഞ്ഞു.

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. എന്നാല്‍ ബാംഗാളില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. ബംഗാളിലെ ഈ അവിശുദ്ധ കൂട്ടുകെട്ട് ഞാന്‍ തകര്‍ക്കും,’ അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രാദേശിക തലം മുതലുള്ള എല്ലാ അഴിമതികളും തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാക്കുമെന്നും മമത പറഞ്ഞു.

‘കുറെ കാലങ്ങളായി ഞങ്ങള്‍ പഞ്ചായത്തുകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ രണ്ട് മാസമായി ജനങ്ങളോട് അഭിപ്രായം തേടിയിരുന്നു.

നിങ്ങള്‍ ഒരു കാരണവശാലും ആര്‍ക്കും പണം നല്‍കരുത്. ഞങ്ങള്‍ മോഷണം അനുവദിക്കില്ല. ആരെങ്കിലും പണം വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അവരെ ഫോട്ടോയെടുത്ത് എനിക്ക് അയച്ചു തരണം. ഇനി മുതല്‍ ഞങ്ങള്‍ പഞ്ചായത്തുകളെയും നിയന്ത്രിക്കും. ഞങ്ങള്‍ക്ക് ജനകീയ പഞ്ചായത്തുകളാണ് ആവശ്യം,’ അവര്‍ പറഞ്ഞു.

അതേസമയം മമതയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ചന്‍ ചൗധരി രംഗത്തെത്തി. ബി.ജെ.പിക്കെതിരെയുള്ള ടി.എം.സിയുടെ പോരാട്ടത്തിന്റെ വിശ്വാസ്യത ഇപ്പോഴും ചോദ്യ ചിഹ്നത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഈ രണ്ട് വര്‍ഷം ടി.എം.സി വഹിച്ച പങ്ക് നമുക്കെല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരായി പോരാടാനുള്ള വഴികളെ കുറിച്ച് കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും പഠിപ്പിക്കുന്ന അവസാന ആളായിരിക്കും മമതയെന്ന് സി.പി.ഐ.എമ്മും പറഞ്ഞു.

content highlights: mamata banerjee against cpim and congress