കൊല്‍ക്കത്ത: ബി.ജെ.പി അംഗങ്ങള്‍ കലാപത്തിന് കോപ്പുകൂട്ടുന്നവരെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബുധനാഴ്ച ബംഗാളിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
ബി.ജെ.പി എന്ന പാര്‍ട്ടിയില്‍ മുഴുവനും കലാപത്തിന് കോപ്പുകൂട്ടുന്ന അത്യാഗ്രഹികളായിട്ടുള്ള ആളുകളാണ് എന്നാണ് മമത പറഞ്ഞത്.
തൃണമൂലില്‍ അഴിമതിക്കാര്‍ക്ക് ഒരിക്കലും ഒരു സ്ഥാനവുമില്ലെന്നും മമത പറഞ്ഞു.
‘അത്യാര്‍ത്തിക്കാരയവരൊക്കെ പോയി. അത്തരം വ്യക്തികള്‍ക്കൊന്നും തൃണമൂലില്‍ സ്ഥാനമില്ല. ഞങ്ങളുടെ പാര്‍ട്ടി അംഗത്വം വില്‍പനയ്ക്ക് വെച്ചിട്ടില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അംഗത്വം സ്വാഭാവികമായും ലഭിക്കുകയും ചെയ്യും,’ മമത പറഞ്ഞു.
ഇവിടെ അഴിമതിക്കാരായവര്‍ക്കും സ്ഥാനമില്ല. ഭരിക്കുന്ന പാര്‍ട്ടിയെ വിട്ട് പോകാനാഗ്രഹിക്കുന്നവര്‍ അത് എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണെന്നും മമത പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു എം.എല്‍.എ കൂടി രാജിവെച്ചിരുന്നു. പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാരോപിച്ചാണ് ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ദീപക് ഹാല്‍ദര്‍ രാജിവെച്ചത്. ദീപക് ഹാല്‍ദര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
എം.എല്‍.എയെന്ന നിലയില്‍ മികച്ച പ്രകടനം നടത്താത്തതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനല്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഹാല്‍ദര്‍ രാജിവച്ചതെന്ന് ടി.എം.സി പ്രതികരിച്ചു.