മുംബൈ: തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന്റെ സൂചനകള്‍ നല്‍കി ശിവസേനമുഖപത്രം സാമ്‌ന. ബംഗാളില്‍ സി.പി.ഐ.എമ്മിനെ ഒറ്റയ്ക്ക് നേരിട്ട പുലിയാണ് മമതയെന്നും കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ സാധിക്കാത്ത കാര്യമാണിതെന്നും ശിവസേന പറയുന്നു.
മഹാരാഷ്ട്രയില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് വേരുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയ്ക്ക് കഴിഞ്ഞ അഞ്ച് ദശകമായി ഇടതുപാര്‍ട്ടികളുമായി ശത്രുതയുണ്ട്.
തെരഞ്ഞെടുപ്പ് ജയിക്കാന്‍ മമത വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുകയോ വോട്ടിന് പണം വിതരണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് സാമ്‌ന പറയുന്നു. മുംബൈയില്‍ ഉദ്ധവ് താക്കറെയും മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മമതയെ അഭിനന്ദിച്ച് സാമ്‌ന രംഗത്തെത്തിയിരിക്കുന്നത്.
Read more: വണ്‍മാന്‍ ഷോ അവസാനിപ്പിച്ചില്ലെങ്കില്‍ ഗുജറാത്തില്‍ ബി.ജെ.പി വെല്ലുവിളി നേരിടും: ശത്രുഘ്‌നന്‍ സിന്‍ഹ
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ വിഷയങ്ങളില്‍ ഒരേ നിലപാടുള്ള ശിവസേനയും തൃണമൂലും 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു ബി.ജെ.പിക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉദ്ധവ്-മമതാ കൂടിക്കാഴ്ചയെ വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ കശ്മീരില്‍ പാക് അനുകൂലിയായ മെഹബൂബയുമായി സഖ്യത്തിലാണെന്നും തങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടേണ്ടതില്ലെന്നും സാമ്‌ന പറയുന്നു.
എന്‍.ഡി.എ ഘടകക്ഷിയാണെങ്കിലും രാഹുല്‍ഗാന്ധിയെയടക്കം പിന്തുണച്ച് ശിവസേന രംഗത്ത് വന്നിരുന്നു. രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനാണെന്നും മോദി പ്രഭാവം മങ്ങിയെന്നും സേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു.