കൊല്‍ക്കത്ത: തെരുവുകളാണ് രാഷ്ട്രീയ മുന്നേറ്റത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. സിംഗൂര്‍ സമരത്തിനാണെങ്കിലും ഐ.എസ്.എസ് ഓഫീസര്‍ രാജീവ് കുമാറിനെതിരെ സി.ബി.ഐ നീക്കം നടത്തിയപ്പോഴും മമത തെരുവ് തന്നെയാണ് തെരഞ്ഞെടുത്തത്. ഇപ്പോഴും ആ തെരഞ്ഞെടുപ്പില്‍ മാറ്റമില്ല.
പൗരത്വ രജിസ്റ്ററിനെതിരായും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രണ്ട് റാലികളാണ് മമത നയിച്ചത്. തെക്കന്‍ ബംഗാളിലും വടക്കന്‍ ബംഗാളിലുമായാണ് രണ്ട് റാലികള്‍ സംഘടിപ്പിച്ചത്. തന്റെ ശവശരീരത്തില്‍ ചവിട്ടിയല്ലാതെ രണ്ട് നിയമങ്ങളും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് റാലികള്‍ നടത്തിയത്. ഇനിയും സമാനരീതിയുള്ള റാലികള്‍ നടത്താനാണ് മമതയുടെ തീരുമാനം.
രണ്ട് നിയമങ്ങള്‍ക്കുമെതിരായ മമതയുടെ നീക്കം ന്യൂനപക്ഷ വോട്ടര്‍മാരെ മമതയ്ക്ക് അനുകൂലമാക്കാന്‍ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ബംഗാളിലെ വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും അടക്കമുള്ള പുരോഗമന സംഘങ്ങളുടെ പിന്തുണ വീണ്ടും നേടാനും മമതയ്ക്ക് കഴിഞ്ഞു.
2014ല്‍ 34 ലോക്‌സഭ സീറ്റുകളാണ് ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ 2019ല്‍ ഇത് 22 സീറ്റുകളായി കുറയുകയും ബി.ജെ.പി രണ്ടില്‍ നിന്ന് 18 സീറ്റിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെയുള്ള നീക്കങ്ങള്‍ സജീവമാക്കാന്‍ മമതയും തൃണമൂലും തീരുമാനിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ശക്തമായ സമരമാണ് മമതയും പാര്‍ട്ടിയും നടത്തിയത്. ഇതിന്റെ ഫലമെന്നോളം മൂന്നു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ വിജയിച്ച സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നില്‍ക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് മമതയുടെ ഇപ്പോളത്തെ രാഷ്ട്രീയ ഉപദേശകനെന്നതും ശ്രദ്ധേയമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രശാന്ത് കിഷോറിന്റെ സേവനം മമത സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് മമതയുടെ തീരുമാനം.