കൊല്‍ക്കത്ത: മെയ് 23 ന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എന്താണെന്ന് ബി.ജെ.പി നേതാക്കള്‍ അറിയുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.
നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അപ്പോള്‍ മാത്രമേ അവരുടെ പിഴവുകള്‍ എന്തൊക്കെയായിരുന്നെന്ന് മനസിലാവുകയുള്ളൂവെന്നും ബംഗാളില്‍ അവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ അവര്‍ മനസിലാക്കുമെന്നും മമത പറഞ്ഞു.
അവര്‍ക്ക് ബംഗാള്‍ എന്താണെന്ന് മനസിലായിട്ടില്ല. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും രവീന്ദ്രനാഥടാഗോര്‍ ജനിച്ചത് ബംഗാളില്‍ എവിടെയാണെന്ന് അറിയില്ല.
എന്നാല്‍ അവര്‍ക്ക് ബംഗാളില്‍ സീറ്റ് വേണം. നിരവധി ആളുകള്‍ മോദി ഇനിയും അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. അദ്ദേഹം തന്നെയും അതാണ് കരുതുന്നത്. എന്നാല്‍ മോദി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടും. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മമത ബാനര്‍ജി പറഞ്ഞു.
പ്രധാനമന്ത്രിയായി പ്രതിപക്ഷത്തുനിന്നും ഒരാളെ ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനാവില്ലെന്നും പ്രധാനമന്ത്രി പദത്തിന് അനുയോജ്യനായ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ടെന്നും മമത പറഞ്ഞു.
പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കാനോ മീറ്റിങ്ങില്‍ പങ്കെടുക്കാനോ താങ്കള്‍ തയ്യാറാവുന്നില്ലെന്നാണല്ലോ കേന്ദ്രത്തിന്റെ ആരോപണം എന്ന ചോദ്യത്തിന് അതെല്ലാം പച്ചക്കള്ളമാണെന്നായിരുന്നു മമതയുടെ പ്രതികരണം.
രണ്ട് തവണയാണ് ഇന്റര്‍സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റിങ്ങിന് വിളിച്ചത്. രണ്ടു തവണയും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അന്നും ഒന്നും സംഭവിച്ചില്ല. പ്രധാനമന്ത്രി നിര്‍ത്താതെ സംസാരിക്കും. നമ്മള്‍ അത് കേട്ടുകൊണ്ടിരിക്കും. പ്ലാനിങ് കമ്മീഷനും നീതി ആയോഗും ബി.ജെ.പി ഭരണത്തില്‍ തകര്‍ന്നടിഞ്ഞെന്നും മമത കുറ്റപ്പെടുത്തി.
ബി.ജെ.പി ബംഗാളില്‍ വര്‍ഗീയകാര്‍ഡിറക്കാന്‍ നോക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ജനത ഒന്നാണ് അവിടെ ബി.ജെ.പിയുടെ ഒരു കളികളും നടക്കില്ല. ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചാല്‍ രാമന്‍ ബി.ജെ.പിയുടേത് മാത്രമാകില്ല.
ബംഗാളില്‍ 30 ശതമാനം മുസ്‌ലീങ്ങള്‍ ഉണ്ട്. ക്രിസ്ത്യനും സിഖും ബുദ്ധിസ്റ്റുകളുമുണ്ട്. അവിടെ ആളുകള്‍ക്കിടയില്‍ വിദ്വേഷമില്ല. എല്ലാവരും ഒരേ മനസോടെ പോകുന്നു. എന്നാല്‍ അവിടെ ഐക്യം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ല-മമത പറഞ്ഞു.