ബെംഗളുരു: വരാനിരിക്കുന്ന നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് ജെ.ഡി(എസ്) നേതാവ് എച്ച്.ഡി.ദേവ ഗൗഡ. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ വോട്ട് കുറയുമെങ്കിലും അവര്‍ അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാനില്ലെന്ന് എച്ച്.ഡി.ദേവ ഗൗഡ നേരത്തെ പറഞ്ഞിരുന്നു. ബെല്‍ഗം ലോക് സഭ മണ്ഡലത്തിലും, ബസവകല്യാണ്‍, സിന്ദഗി, മസ്‌കി നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും മത്സരിക്കാനില്ലെന്നാണ് ദേവ ഗൗഡ പറഞ്ഞത്.
”ജെ.ഡി(എസ്) വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. തങ്ങളുടെ കൈവശം ചിലവ് വഹിക്കാനുള്ള പണമില്ല,” എന്നായിരുന്നു ഗൗഡ പറഞ്ഞത്.
പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സഹായത്താല്‍ പ്രാദേശിക പാര്‍ട്ടികളെ ശക്തിപ്പെടുത്തുന്നതിലായിരിക്കും ഇനി താന്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി സുരേഷ് അംഗാടി, എം.എല്‍.എ ബി നാരായണ്‍ റാവോ എന്നിവര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനാലാണ് കര്‍ണാടകയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എം.എല്‍.എ പ്രതാപഗൗഡ പാട്ടീല്‍ അയാോഗ്യനായതുകൊണ്ടാണ് മസ്‌കിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് പ്രതാപഗൗഡ പട്ടീല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
കോണ്‍ഗ്രസും ബി.ജെ.പിയും ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമായിരിക്കും ഇരുമുന്നണികളും നടത്തുക.