പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവാണ് മമത. ഇത് ഞാന്‍ പറഞ്ഞതല്ല, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മമതയും തൃണമൂലും പറയുന്നതാണിത്.
ഗോവ, ത്രിപുര, അസം, അരുണാചല്‍ പ്രദേശ്, തമിഴ്‌നാട്, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഓടി നടന്ന് പാര്‍ട്ടിയുണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍ മമത.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയോട് അയിത്തമില്ലെന്ന് പരോക്ഷമായി പ്രഖ്യാപിച്ച് ബംഗാളില്‍ മമത രൂപീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി ബി.ജെ.പിയ്‌ക്കെതിരായ രാഷ്ട്രീയ യുദ്ധത്തില്‍ ബി.ജെ.പിയുടെ എതിര്‍ കക്ഷികളോട് ചങ്ങാത്തം കൂടാനുള്ള ശ്രമത്തിലാണ്.
കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയെ നയിക്കാന്‍ പോകുന്നത് മമതായിരിക്കുമോ? മമതയുടെ രാഷ്ട്രീയ കരുനീക്കങ്ങളായിരിക്കുമോ കോണ്‍ഗ്രസിന്റെ ശരിക്കുമുള്ള പതനം നിര്‍ണയിക്കുന്നത്? ഡൂള്‍ എക്‌സ്‌പ്ലെയിനര്‍ പരിശോധിക്കുന്നു.
2021 ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയം. രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ സര്‍വസന്നാഹങ്ങളുമായി ഒരിടത്ത് ബി.ജെ.പി. നരേന്ദ്രമോദിയും അമിത് ഷായും ജെ.പി. നദ്ദയും അടങ്ങുന്ന നേതാക്കള്‍ ദിവസങ്ങളോളം ബംഗാളില്‍ ക്യാംപ് ചെയ്ത് ഇതാ ബി.ജെ.പി ബംഗാള്‍ പിടിക്കാന്‍ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നു.
അപ്രതീക്ഷിതമായി മമതയുടെ വലംകൈയായ സുവേന്ദു അധികാരി അടക്കമുള്ള നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. ബംഗാളില്‍ തൃണമൂലിന് അധികാരത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്ത നന്ദിഗ്രാം സുവേന്ദു അധികാരിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ബി.ജെ.പി നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയെ തന്നെ മത്സരിപ്പിക്കുന്നു.
മറുവശത്ത് മമത ബാനര്‍ജി അക്ഷോഭ്യയായിരുന്നു. തന്റെ സുരക്ഷിത മണ്ഡലമായ ഭബാനിപൂര്‍ വിട്ട് മമത നന്ദിഗ്രാമിലേക്കെത്തുന്നു. ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള വാശിയേറിയ പോരായിരുന്നു ബംഗാളില്‍ അരങ്ങേറിയത്. വോട്ടെടുപ്പിന്റെ ഒരുമാസത്തിന് ശേഷം ഫലം വന്നു. നന്ദിഗ്രാമില്‍ മമത തോറ്റെങ്കിലും തൃണമൂല്‍ സംസ്ഥാനമാകമാനം വന്‍ വിജയം നേടി. ബംഗാളിലുടനീളം ബി.ജെ.പി നടത്തിയ കുതന്ത്രങ്ങള്‍ക്കുള്ള മറുപടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
തൃണമൂല്‍ വീണ്ടും അധികാരത്തിലെത്തി. 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം ഇത്രയും കോലാഹലമുണ്ടാക്കിയ, രാജ്യം ഒന്നടങ്കം കാതോര്‍ത്തിരുന്ന തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ബംഗാള്‍ തെരഞ്ഞെടുപ്പോടെ മമത കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു.
മമതയെന്ന നേതാവിന്റെയും തൃണമൂല്‍ എന്ന പാര്‍ട്ടിയുടെ വളര്‍ച്ചയും പെട്ടെന്നുണ്ടായതല്ല. അതെങ്ങനെയായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം
ബംഗാളില്‍ ബി.ജെ.പിയോട് മൃദുസമീപനം പുലര്‍ത്തിക്കൊണ്ട് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് തൃണമൂല്‍. ഇന്ന് അതേ പാര്‍ട്ടി ദേശീയ തലത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ ശക്തമായ ബദല്‍ തീര്‍ക്കാനുള്ള ഓട്ടത്തിലാണ്.
1970 കള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ ഇടതുപക്ഷമാണ് തുടര്‍ച്ചയായി ഭരിച്ചിരുന്നത്. കോണ്‍ഗ്രസായിരുന്നു പ്രതിപക്ഷത്ത്. ദേശീയതലത്തില്‍ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കാന്‍ തുടങ്ങുകയും കോണ്‍ഗ്രസ് തിരിച്ചടി നേരിടുകയും ചെയ്ത 1996 ല്‍ ബംഗാളിലെ കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമായിരുന്നു.
ബി.ജെ.പിയോട് തീവ്രനിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് ഇടതുപക്ഷത്തോട് മൃദുസമീപനം കാണിക്കുന്നുവെന്നതായിരുന്നു ഒരു വിഭാഗത്തിന്റെ പരാതി. ബംഗാളില്‍ ഈ വിഭാഗത്തിന് ബി.ജെ.പിയോട് അത്ര എതിര്‍പ്പുണ്ടായിരുന്നുമില്ല.
ആയിടക്ക് കോണ്‍ഗ്രസ് വേദികളില്‍ തീപ്പൊരി പ്രസംഗം നടത്തി സംസ്ഥാനത്തുടനീളം ശ്രദ്ധ നേടിയ മമതാ ബാനര്‍ജി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് വിമതരുടെ പക്ഷത്തായിരുന്നു. ഒടുവില്‍ 1997-ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു.
1998 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയായിരുന്നു തൃണമൂലിന്റെ നീക്കം. 1999-ല്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി തന്നെ തെരഞ്ഞെടുപ്പിനെ നേരിട്ടു.
പശ്ചിമ ബംഗാളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂല്‍ വളര്‍ന്നു. 2011 ല്‍ മൂന്ന് പതിറ്റാണ്ടിലധികമായുള്ള ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം അവസാനിപ്പിച്ച് തൃണമൂല്‍ അധികാരത്തിലേറി.
ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ യുദ്ധത്തിലൂടെ അധികാരത്തിലെത്തിയ തൃണമൂലിനും മമതയ്ക്കും അധികം വൈകാതെ ബി.ജെ.പിയുമായി നേര്‍ക്കുനേര്‍ പോരാടേണ്ട സ്ഥിതിയാണുണ്ടായത്. രണ്ടാം തൃണമൂല്‍ സര്‍ക്കാരിന്റെ കാലം തൊട്ടാണ് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ മമത തയ്യാറാകുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് ബംഗാള്‍ പിടിക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പിയും ശക്തമാക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ ബംഗാളിന്റെ അതിര്‍ത്തി വിട്ട് രാജ്യാധികാരം സ്വപ്നം കണ്ടുകൊണ്ടുള്ള തന്ത്രങ്ങള്‍ മമത മെനഞ്ഞുതുടങ്ങി. അസം, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ ഇതിനോടകം സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്.
പഞ്ചാബ്, തമിഴ്‌നാട്, കേരളം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം നോട്ടമിട്ടാണ് മമത ഇപ്പോള്‍ കരുനീക്കം നടത്തുന്നത്. മഹാരാഷ്ട്രയില്‍ ശിവസേന, ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരുമായി സഖ്യമുണ്ടാക്കാനും മമത ശ്രമിക്കുന്നുണ്ട്.
മേഘാലയയില്‍ 12 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഒറ്റയടിക്ക് തൃണമൂലിലെത്തിയത്. പല സംസ്ഥാനങ്ങളിലും ഏറ്റവും വേഗത്തില്‍ വളരുന്ന പാര്‍ട്ടിയായി തൃണമൂല്‍ ഇതിനോടകം മാറിയിട്ടുമുണ്ട്.
ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് വിശാല പ്രതിപക്ഷത്തിന് ശ്രമിച്ച മമത ഇപ്പോള്‍ കോണ്‍ഗ്രസില്ലാതെ എങ്ങനെ മുന്നണിയുണ്ടാക്കാമെന്നാണ് നോക്കുന്നത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലെ അസംതൃപ്തരെയാണ് തൃണമൂല്‍ നോട്ടമിടുന്നത്. ഇതിനായി മറ്റ് കക്ഷികളിലും മമത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
എസ്.പി, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ നിരയ്ക്കായി അര്‍ധ സമ്മതം മൂളിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014ല്‍ പശ്ചിമ ബംഗാളില്‍ നിന്ന് 34 ലോക്‌സഭാംഗങ്ങളെ നിയമസഭയിലെത്തിച്ച തൃണമൂല്‍ കോണ്‍ഗ്രസിനു 2019ലെ തെരഞ്ഞെടുപ്പിനു ശേഷവും 32 അംഗങ്ങളുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് ഇനിയും ദൂരമുണ്ടെങ്കിലും സാഹചര്യങ്ങള്‍ തൃണമൂലിന് അനുകൂലമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ആകെ ജയിച്ച 52 സീറ്റുകളില്‍ 31 സീറ്റുകളും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇതില്‍ തമിഴ്‌നാട് ഒഴികെ രണ്ടിടത്തും സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്. ഇതാണ് മമത ലക്ഷ്യം വെക്കുന്നത്. കേരളത്തില്‍ പുനസംഘടനയ്ക്ക് ശേഷം അസംതൃപ്തരുടെ ഒരു വലിയ നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്. ചിലര്‍ എല്‍.ഡി.എഫിലെത്തിയിട്ടുണ്ടെങ്കിലും മറ്റ് ചിലര്‍ ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്‍.സി.പി, തൃണമൂല്‍ എന്നീ രണ്ട് ഓപ്ഷനുകളാണ് കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്നവരുടെ മുന്നിലുള്ളത്. എ.വി ഗോപിനാഥ്, മാണി സി. കാപ്പന്‍ തുടങ്ങിയ നേതാക്കളെ ലക്ഷ്യമിട്ട് തൃണമൂല്‍ അണിയറനീക്കങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
തൃണമൂലിന് പ്രത്യേകിച്ച് ശക്തിയൊന്നുമില്ലാത്ത ബിഹാര്‍, ദല്‍ഹി, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലും മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലേയ്ക്ക് എത്തുന്നുണ്ട്.
ദേശീയതലത്തില്‍ ബി.ജെ.പിയ്‌ക്കെതിരായ പോരാട്ടത്തില്‍ നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് തണുപ്പന്‍ സമീപനം തുടരുമ്പോഴാണ് മമത രാജ്യത്തുടനീളം ഓടി നടന്ന് പാര്‍ട്ടി കെട്ടിപ്പടുക്കുകയും വിശാല പ്രതിപക്ഷ മുന്നണി എന്ന മുദ്രാവാക്യം നിരന്തരം മുഴക്കുകയും ചെയ്യുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയം.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു സ്ഥിരം അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. ഇതിനിടയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ പോലും സീറ്റ് ചര്‍ച്ചകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുമില്ല.
ബി.ജെ.പിയ്‌ക്കെതിരെ രാഷ്ട്രീയമായ പോര്‍മുഖം തുറക്കാന്‍ സാധിക്കാത്ത അതേ കോണ്‍ഗ്രസാണ് പാദേശിക തലത്തില്‍ രൂപപ്പെടുന്ന ബി.ജെ.പി വിരുദ്ധ കക്ഷികളുടെ കൂട്ടായ്മയ്ക്ക് മേല്‍ വല്യേട്ടന്‍ മനോഭാവവുമായി വന്ന് തടസം നില്‍ക്കുന്നത്. ഈ ഒരു ഇടത്തിലേക്കാണ് മമതയും തൃണമൂലൂം പ്രവേശിക്കുന്നത്.
മമതയുടെ മുന്നേറ്റത്തില്‍ തകര്‍ന്നടിയുന്നത് പ്രധാനമായും കോണ്‍ഗ്രസ് തന്നെയാണ്. ആശയപരമായുള്ള യോജിപ്പും ബി.ജെ.പിയില്‍ ചേരുന്നതിനുള്ള തടസവുമാണ് പല കോണ്‍ഗ്രസ് നേതാക്കളെയും തൃണമൂലിലെത്തിക്കുന്നത്.
നേരത്തെ മോദിക്കെതിരെ പ്രതിപക്ഷം മുന്നില്‍ നിര്‍ത്തിയത് രാഹുല്‍ ഗാന്ധിയെ ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷപദം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ഒഴിഞ്ഞ രാഹുല്‍ ഒരുപാട് പിന്നോട്ട് പോയിട്ടുണ്ട്.
കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്ന പ്രചാരണത്തിന് ബലം കൊടുക്കുന്നതാണ് മമതയുടെ നീക്കം. മോദിയെ നേരിടാന്‍ മമത എന്ന പ്രതീതി ഉണ്ടാക്കുന്നതില്‍ തൃണമൂല്‍ വിജയിച്ചിട്ടുമുണ്ട്. ഇവയുടെ പരിണിത ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് കാത്തിരുന്ന് കാണാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mamata Banarjee vs Narendra Modi BJP 2024 Loksabha Election