ന്യൂദല്‍ഹി: ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ നിന്ന് ആരെയും പുറത്താക്കാന്‍ കഴിയുമെന്നും എന്നാല്‍ എല്ലാ കാലത്തും അത് നടപ്പിലാവില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുവാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് മമത ബാനര്‍ജിയുടെ പ്രതികരണം.
മഹുവ മൊയ്ത്രക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രതികാരത്തിന്റെ രാഷ്ട്രീയമാണെന്നും മഹുവ കുറ്റപ്പെടുത്തി.
മഹുവക്കെതിരെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതില്‍ ലോക്‌സഭയില്‍ ഐക്യത്തോടെ ശക്തമായി പ്രതിഷേധിച്ച ഇന്ത്യാ സഖ്യത്തെയും പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും നന്ദി അറിയിക്കുന്നതായും മമത വ്യക്തമാക്കി. മഹുവ മൊയ്ത്രയെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും ലോക്‌സഭയില്‍ മഹുവയുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ബി.ജെ.പി തടസം സൃഷ്ടിച്ചുവെന്നും മമത ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തെ ബി.ജെ.പി വഞ്ചിച്ചെന്നും രാജ്യത്ത് എന്തും ചെയ്യാനുള്ള അവകാശം ബി.ജെപിക്ക് ഉണ്ടെന്നുള്ള ധാരണ നല്ലതിനല്ലെന്നും മമത പറഞ്ഞു. മഹുവ മൊയ്ത്രക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് അടുത്ത 30 വര്‍ഷത്തേക്ക് ലോക്സഭക്കകത്തും പുറത്തുമായി ബി.ജെ.പിക്കെതിരെ പോരാടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
അദാനി ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങുകയാണെന്നും വിദേശ നിക്ഷേപകരായ അദ്ദേഹത്തിന്റെ ഓഹരിയുടമകള്‍ക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകയാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
Content Highlight: Mamata Banarjee reacts to the expulsion of Mahua Moitra from the Lok Sabha